ആലപ്പുഴ: പ്രകൃതിയിലേക്ക് മടങ്ങൂ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ടാകണം വികസന പ്രവർത്തനങ്ങൾ നടപ്പിക്കാലാക്കേണ്ടതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ. അഭ്യസ്‌ത വിദ്യർ കൂടുതലുണ്ടായിട്ടും ആവശ്യത്തിനു തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ല. ഇതിനെല്ലാമുള്ള ഒറ്റമൂലി കാർഷിക മേഖലയുടെയും നീർചാലുകളുടെയും വീണ്ടെടുപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ പഞ്ചായത്തുകൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടാന്നും, വരും തലമുറക്ക് കാർഷിക മുന്നേറ്റം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കടക്കാരപ്പള്ളി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വികസന ഫണ്ടിൽ നിന്നും 75 ലക്ഷം മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന് മുകളിൽ ഓഫീസ് നിർമ്മിക്കാൻ 45 ലക്ഷം കൂടി മന്ത്രി തിലോത്തമൻ അനുവദിച്ചു. ഐ.എസ്.ഒ. പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഭാ മധു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് പത്മിനി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്‍റ് ഇ. ബി.ശശിധരൻ, വികസന സ്‌റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതമ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.