ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ രംഗത്ത്. ചടങ്ങിലേക്ക് എല്ലാവരെയും കേന്ദ്ര സർക്കാരാണ് ക്ഷണിച്ചത്. കെ.സി വേണുഗോപാലിന്‍റെ പേര് ചടങ്ങിലെ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിലേക്ക് അദ്ദേഹത്തിന് വരികയോ വരാതിരിക്കുകയോ ചെയ്യാം. ഇക്കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ജി.സുധാകരന്‍റെ പ്രതികരണം.
കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ പരാമർശം ഒട്ടും യോജിച്ചതല്ല. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പോലും ഈ രീതിയിൽ സംസാരിക്കില്ല. കേന്ദ്രവും സംസ്ഥാനവും സംയുക്തമായാണ് പദ്ധതി പൂർത്തിയാക്കിയത്. തെറ്റായ രീതിയിലുള്ള പരാമർശം നടത്തിയ വി.മുരളീധരനെ ബിജെപി തിരുത്തണമെന്നും ജി.സുധാകരൻ ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാർ വന്നതിനു ശേഷമാണ് ബൈപ്പാസ് നിർമാണത്തിന്‍റെ 85 ശതമാനവും പൂർത്തീകരിച്ചത്. ഈ സത്യം ജനങ്ങൾക്ക് അറിയാമെന്നും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ജനം തിരിച്ചറിയുമെന്നും സുധാകരൻ പറഞ്ഞു.