ആലപ്പുഴ: സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് പൊതുമരാമത്ത് രജിസ്ട്രഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ. സംസ്ഥാനത്ത് കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തെ അതിജീവിച്ച് മാതൃക കാട്ടിയ ആലപ്പുഴ ജില്ല ഈ മഴക്കെടുതിയേയും കരുതലോടെയാണ് കാണുന്നതെന്നും ഇതിനെയും അതിജീവിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഭീതിജനകമായ സാഹചര്യങ്ങളൊന്നും തന്നെയില്ല. എങ്കിലും കഴിഞ്ഞ വർഷത്തെ പ്രളയം കണക്കിലെടുത്ത് കനത്ത ജാഗ്രതാ നടപടികളാണ് ജില്ലയിൽ സ്വീകരിച്ചിരിക്കുന്നത്.
മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥരുടെ നടപടികൾ വിലയിരുത്താൻ കലക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിഴക്കൻ ജില്ലകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം സുഗമമായി കടലിലേക്ക് ഒഴുകിമാറാനുള്ള മാർഗ്ഗങ്ങളെല്ലാം തന്നെ ഒരുക്കിയിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകൾ, തോട്ടപ്പള്ളി സ്പിൽവേയിലെ 38 ഷട്ടറുകൾ, അന്ധകാരനഴിയിലെ 20 ഷട്ടറുകൾ എന്നിവ തുറന്നിട്ടുണ്ട്. തോട്ടപ്പള്ളിയിലെ ശേഷിക്കുന്ന രണ്ടുഷട്ടറുകളും ഉടൻ തുറക്കും. കുട്ടനാടൻ പ്രദേശങ്ങളിലെ ജലം തടസമില്ലാതെ കടലിലേക്ക് ഒഴുകി പോകുന്നതിനായി 150 മീറ്റർ വീതിയിലാണ് തോട്ടപ്പള്ളി പൊഴി മുറിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ വീതിയിൽ പൊഴി മുറിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നോ നാലോ ജെസിബി ഉപയോഗിച്ച് അടിഞ്ഞ മണ്ണ് നീക്കാൻ നടപടിയെടുക്കും. കഴിഞ്ഞ വർഷം പ്രളയം സാരമായി ബാധിച്ച ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ കാലവർഷക്കെടുതിയിൽ 27 വീടുകൾ പൂർണമായും തകർന്നു. 372 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ലൈഫ് പോലെയുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി ഇവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൂന്ന് ക്യാപ്റ്റൻമാരടങ്ങുന്ന 25 പേരുടെ എൻഡിആർഎഫ് സംഘം, 20 മത്സ്യതൊഴിലാളികളുടെ സംഘം എന്നിവർ അടിയന്തിര സേവനങ്ങൾക്കായി സജ്ജമാണ്. ഇവർക്കായി 50 ബോട്ടുകളും ഒരുക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ രക്ഷിക്കുന്നതിനായി പ്രാദേശിക തലത്തിൽ നടപടികളെടുക്കും. അത്യാവശ്യ ഘട്ടത്തിൽ ഉയർന്ന സ്ഥലങ്ങളിലേക്ക് ഇവയെ നീക്കുന്നതിനും നിർദേശം നൽകി. പി.ഡബ്ല്യൂ.ഡി വകുപ്പിന്റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
മഴക്കാല കെടുതി രൂക്ഷമായി ബാധിക്കാൻ സാധ്യതയുള്ള ജില്ലയിലെ 45 പഞ്ചായത്തുകളിൽ ദുരന്ത നിവാരണ കമ്മറ്റി ചേർന്ന് പ്രവർത്തനങ്ങൾ നിയന്ത്രിച്ചുവരുകയാണ്. പമ്പയിലെ ജലനിരപ്പ് ഉയർന്നാൽ വെള്ളം കയറാൻ സാധ്യതയുള്ള ഭാഗങ്ങളിൽ നിന്ന് ആളുകൾ കഴിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിൽ മാറി താമസിക്കാൻ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.