ആലപ്പുഴ: കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശം നൽകാനാണ് ചിലർ ശ്രമിക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. ഗോപീകൃഷ്‌ണൻ വരച്ച 'കടക്ക് പുറത്ത്' എന്ന കാർട്ടൂണിന് ഞങ്ങൾ അവാർഡ് കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നതായിരുന്നു ആ കാർട്ടൂൺ. അന്ന് മുഖ്യമന്ത്രി തന്നെ അതിന് അവാർഡ് കൊടുത്തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഏതെങ്കിലും രൂപത്തിലുള്ള നിയന്ത്രണം സർക്കാരോ എൽഡിഎഫോ ആഗ്രഹിക്കുന്നില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
കാര്‍ട്ടൂണിലൂടെ ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുന്നുവെന്ന തോന്നൽ ഉണ്ടായാല്‍ അത് പരിശോധിക്കേണ്ടതാണെന്ന് പറയുന്നത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സർക്കാർ അത് നിർവഹിച്ചു. ഇക്കാര്യം പുനഃപരിശോധിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുമുണ്ട്. ഇപ്പോൾ പ്രശ്‌നം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് അക്കാദമിയിലും നയപരമായ തീരുമാനം എടുക്കാൻ സർക്കാരിന് അധികാരമുണ്ട്. പക്ഷേ അത്തരം അധികാരമൊന്നും ഇവിടെ ഞങ്ങൾ ഉപയോഗിക്കുന്നില്ല. എല്ലാ അക്കാദമികളും അതിന്‍റെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കണമെന്നാണ് സർക്കാരിന്‍റെ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പിറന്നാൾ ആശംസകൾ നേരാനായി ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.