ആലപ്പുഴ: സ്ത്രീകൾ നിത്യപൂജ ചെയ്യുന്ന ഏക നാഗക്ഷേത്രമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായ ദിവ്യശ്രീ വാസുകി ശ്രീദേവി ഉമാദേവി അന്തർജനം നവതിയുടെ നിറവിൽ. ക്ഷേത്രാങ്കണത്തിൽ നടന്ന ആഘോഷപരിപാടിയിൽ നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പുത്രസ്ഥാനീയനായ എം.എൻ.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ദിവസത്തെ നവതി ആഘോഷപരിപാടിയായാണ് നടത്തിയത്.
കൊല്ലവർഷം 1105 കുംഭ മാസത്തിലെ മൂലം നാളിൽ കോട്ടയം മാങ്ങാനത്ത് ചെമ്പകനെല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുഗ്മിണീ ദേവി അന്തർജനത്തിന്‍റെയും മൂന്നാമത്തെ പുത്രിയായാണ് ഉമാദേവി അമ്മയുടെ ജനനം. 1949ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ പത്നിയായാണ് മണ്ണാറശാല കുടുംബത്തിലെ അംഗമായെത്തിയത്. 1993ൽ അമ്മയായിരുന്ന വാസുകി ശ്രീദേവി സാവിത്രി അന്തർജനത്തിന്‍റെ സമാധിയെ തുടർന്നാണ് മണ്ണാറശാല അമ്മയായുള്ള സ്ഥാനാരോഹണം. കാൽനൂറ്റാണ്ടിലേറെയായി ഭഗവത് പൂജ തുടരുകയാണ് ഇപ്പോഴത്തെ അമ്മ. നവതി ദിവസമായ ചൊവ്വാഴ്‌ച ക്ഷേത്രത്തിൽ രാത്രി എട്ട് മണിക്ക് തിരുവാഭരണം ചാർത്തി വിശേഷാൽ നിവേദ്യങ്ങളോടെയാണ് പൂജകൾ നടക്കുന്നത്. പിറന്നാളിന്‍റെ ഭാഗമായി ഇല്ലത്ത് വൈദികചടങ്ങുകളും വിശേഷാൽ പൂജകളും നടത്തിയിരുന്നു.
പിറന്നാൾ ദിനത്തിൽ അമ്മയെ ദർശിക്കാനെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും പഴയിടം മോഹനൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ പിറന്നാൾ സദ്യയുമൊരുക്കിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ പത്ത് മണി മുതലായിരുന്നു പിറന്നാൾ സദ്യ. പിറന്നാളിനോട് അനുബന്ധിച്ച് മണ്ണാറശാല എം.ജി. നാരായണൻ നമ്പൂതിരി രചിച്ച വാമനവിജയം കഥകളിയും പത്മശ്രീ കലാമണ്ഡലം ഗോപി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്ത കുചേലവൃത്തവും അരങ്ങേറി. തുലാം മാസത്തിലെ ആയില്യം നാളിൽ ക്ഷേത്രത്തിൽ നടക്കുന്ന ആയില്യമഹോത്സവം ഉൾപ്പടെ ക്ഷേത്രത്തിലെ മുഖ്യപൂജാകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്ന മണ്ണാർശാല അമ്മയെ നാഗരാജാവിന്‍റെ പ്രതിനിധിയായാണ് കണക്കാക്കുന്നത്.