പ്രളയം തകർത്ത കുട്ടനാടിനെ വീണ്ടെടുക്കാനും സമഗ്ര വികസനപദ്ധതികൾ ആവിഷ്കരിക്കാനുമായാണ് 'പരിസ്ഥിതി സൗഹൃദകുട്ടനാട്' എന്ന പേരിൽ ദ്വിദിന ശിൽപശാല സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, കാർഷിക സർവകലാശാല, അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം, കുട്ടനാട് വികസന ഏജൻസി, ഓണാട്ടുകര വികസന ഏജൻസി, തുറവൂർ കരിനില വികസന ഏജൻസി, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദ്വിദിന ശിൽപശാല സംഘടിപ്പിക്കുന്നത്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വച്ച് ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി അഡ്വ: വി എസ് സുനിൽകുമാർ നിർവഹിക്കും.
കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജി സുധാകരൻ, ടി എം തോമസ് ഐസക്, പി തിലോത്തമൻ, കെ കൃഷ്ണൻകുട്ടി, എംപിമാരായ കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാർ, മറ്റ് രാഷ്ട്രീയ പ്രമുഖർ, കാർഷിക ശാസ്ത്രജ്ഞർ, കൃഷി വകുപ്പ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 'കുട്ടനാട് നല്ല കൃഷി മുറ' സംമ്പ്രദായം പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ വച്ച് എംപി കൊടിക്കുന്നിൽ സുരേഷ് നിർവഹിക്കും.
മൂന്ന് സെക്ഷനുകളായാണ് ഒന്നാം ദിനത്തിൽ ശിൽപശാല അരങ്ങേറുക. ആദ്യ സെക്ഷൻ പ്രളയാനന്തര കുട്ടനാട് ഒരു അവലോകനം എന്ന വിഷയത്തിലാണ്. നെൽകൃഷി പരിപാലം പ്രളയാനന്തര സാഹചര്യത്തിൽ, കാർഷിക കലണ്ടർ രൂപീകരിക്കൽ തുടങ്ങിയവയാണ് മറ്റു സെക്ഷനുകൾ. തുടർന്ന് ഉച്ചക്ക് ശേഷം ജലപരിപാലനവും അടിസ്ഥാന സൗകര്യ വികസനവുമെന്ന വിഷയത്തിൽ ഒൻപതംഗ പാനലിന്റെ നേതൃത്വത്തിൽ ചർച്ചനടക്കും. വൈകീട്ടോടുകൂടി അന്നേ ദിവസത്തെ ചർച്ചകളുടെയും ക്രോഡീകരണവും ഏകോപനവും നടക്കും.
ശിൽപശാലയുടെ രണ്ടാം ദിനമായ മാർച്ച് ഒന്നിന് തൊഴിൽ മേഖല യന്ത്ര വൽക്കരണം, കുട്ടനാട്ടിലെ കീടനാശിനി പ്രയോഗവും പരിസ്ഥിതി പ്രത്യാഘാതങ്ങളും, പരിസ്ഥിതിയും ജൈവ വൈവിധ്യവും തുടങ്ങിയ വിഷയങ്ങൾ ചർച്ചക്കെത്തും. വൈകീട്ട് മന്ത്രി പി തിലോത്തമന്‍റെ അധ്യക്ഷതയിൽ സമാപന സമ്മേളനവും നടക്കും. മന്ത്രി ജി സുധാകരനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.