ആലപ്പുഴ: 'ലോകമേ തറവാട്' ബിനാലെ പ്രദർശനം ആലപ്പുഴയുടെ വികസനത്തിന് വഴികാട്ടിയാകുമെന്ന് പ്രശസ്ത കലാകാരനും ബിനാലെ സംഘാടകനുമായ ബോസ് കൃഷ്ണമാചാരി. ചരിത്രപരമായി ഏറെ പ്രത്യേകതകൾ ഉള്ള നഗരമാണ് ആലപ്പുഴ. ലോകമേ തറവാട് എന്ന പേരിൽ നടക്കുന്ന ബിനാലെ പ്രദർശനം ആലപ്പുഴയുടെ ചരിത്രവും പൈതൃകവും ലോകത്തിനു മുന്നിൽ തുറന്നു കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്നു വന്നിരുന്ന ബിനാലെ ആലപ്പുഴയിൽ നടത്താൻ തീരുമാനിച്ചതു നിമിത്തമാണ്. ലോകത്ത് നടക്കുന്ന എല്ലാ ബിനാലെകളും ചരിത്രവും സംസ്‌കാരവുമെല്ലാം ഇടകലർന്നുള്ളതാണ്. ആലപ്പുഴ ഒരു പൈതൃക നഗരമായതു കൊണ്ടു തന്നെയാണ് ബിനാലെ ഇവിടെ നടത്താൻ കാരണമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.
Read More: ബിനാലെ സന്ദര്‍ശിക്കാന്‍ 24 മുതല്‍ പ്രവേശന പാസ് നിര്‍ബന്ധമാക്കി
ദീർഘ കാലം നീണ്ടു നിൽക്കുന്ന ഇത്തരമൊരു പ്രദർശനം ഇന്ത്യയിൽ മറ്റെവിടെയും നടന്നിട്ടുണ്ടാകില്ല. മൂല്യമുള്ള സൃഷ്‌ടികളുടെ പ്രദർശനം മലയാളികൾക്ക് ഒരു വേദിയിൽ നിന്നുതന്നെ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. കഴിവുള്ള നിരവധി കലാകാരന്മാരുടെ സംഗമവേദി കൂടിയാണ് 'ലോകമേ തറവാട്'. ഓരോ കലാകാരന്മാർക്കും അവരുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള വേദിയാണ്. ഏത് പ്രതിസന്ധി ഘട്ടമുണ്ടായാലും കൂടെ ഉണ്ടാകും എന്ന് ഉറപ്പുള്ള കലാകാരന്മാരാണ് ബിനാലെയുടെ ഭാഗമായിട്ടുള്ളത്. തുടർച്ചയായി ജോലി ചെയ്യുന്നവരാണ് യഥാർത്ഥ കലാകാരന്മാരെന്നും അദ്ദേഹം പറഞ്ഞു. ഓരോ കലാകാരന്മാരെയും അവരുടെ സെമി സോളോ സൃഷ്ടികൾ പ്രദശിപ്പിക്കാനുള്ള വേദി എന്നു പറഞ്ഞാണ് ബിനാലെയിലേക്ക് ക്ഷണിച്ചത്. കൊച്ചി ബിനാലെയിൽ നിന്ന് വ്യത്യസ്തമായി ലോകമേ തറവാട് വാണിജ്യപരമായ ഒരു പ്രദർശനമല്ലെങ്കിലും പൊതുജനങ്ങൾക്ക് കലാകാരന്മാരുടെ സൃഷ്ടികൾ വാങ്ങാൻ സാധിക്കും. കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും എല്ലാവർക്കും ബിനാലെയുടെ ഭാഗമാകാൻ സാധിക്കട്ടെയെന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു.