ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്‌നമായി വിജയചിഹ്നവുമായി നിൽക്കുന്ന കുട്ടനാടൻ താറാവ് തെരഞ്ഞെടുക്കപ്പെട്ടു. നെഹ്‌റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ലഭിച്ച നൂറോളം എൻട്രികളിൽ നിന്നാണ് ചിത്രകല അദ്ധ്യാപകനായ വി.ആർ രഘുനാഥ് വരച്ച ചിത്രം ഇത്തവണത്തെ ജലോത്സവ ലോഗോയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് നാലാം തവണയാണ് രഘുനാഥിന്റെ ചിത്രം നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെടുന്നത്. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയാണ് വി.ആർ രഘുനാഥ്. ചിത്രകാരൻമാരായ സതീഷ് വാഴവേലിൽ, ജിനു ജോർജ്, ടി.ബേബി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്. വള്ളംകളിയുടെ ആവേശവും വേഗവും ശക്തിയും ലോഗോയിൽ നിറഞ്ഞുനിൽക്കുന്നതായി ജഡ്‌ജിങ് കമ്മിറ്റി വിലയിരുത്തി.
ചലച്ചിത്ര താരം ആൽഫി പഞ്ഞിക്കാരനിൽ നിന്നും ജില്ലാ കലക്‌ടർ ഡോ.അദീല അബ്ദുള്ള ലോഗോ ഏറ്റുവാങ്ങി. ജില്ലാ കലക്‌ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാഗ്യചിഹ്ന രചനാ മത്സര വിജയിയായ വി.ആർ രഘുനാഥിന് 5001രൂപയുടെ ക്യാഷ് പ്രൈസ് സബ് കലക്‌ടർ വി.ആർ. കൃഷ്ണതേജ കൈമാറി.