ആലപ്പുഴ: പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ദീപം തെളിയിക്കലിൻ്റെ ആഹ്വാനമേറ്റെടുത്ത് ആലപ്പുഴയും ദീപപ്രഭയിൽ. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള പതിനായിരക്കണക്കിന് ആളുകളാണ് ഇതിൽ പങ്കാളിയായത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ദീപം തെളിയിച്ച് ഒരുമയുടെ സന്ദേശത്തിൽ പങ്കു ചേർന്നു.
മൺചിരാതുകളും ടോർച്ചുകളും മൊബൈൽ ഫ്ലാഷുകളും കത്തിച്ച് നിരവധിയാളുകളാണ് വീടുകളുടെ മുന്നിൽ ദീപം തെളിയിച്ചത്. ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ദീപം തെളിക്കലിന് നേതൃത്വം നൽകി. ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും അതിൻ്റെ ഭാഗമായാണ് ഏകതാ ദീപം തെളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ ദീപം തെളിയിച്ചു. രാജ്യം ഒറ്റക്കെട്ടായി മഹാമാരികളെ നേരിടണമെന്നും അതിന് വേണ്ടി സേവനം ചെയ്യുന്ന എല്ലാവിഭാഗം ആരോഗ്യ ഉദ്യോഗസ്ഥ സന്നദ്ധ പ്രവർത്തകരെയും ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് എല്ലാവരും ഇതിൽ പങ്കാളിയായത്.