ആലപ്പുഴ: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. മുട്ടാർ, തലവടി, എടത്വാ, തകഴി, വീയപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ പകുതിയിലധികം വീടുകളും ഇതിനോടകം തന്നെ വെള്ളക്കെട്ടിലായിട്ടുണ്ട്. റോഡുകളും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ പ്രദേശങ്ങൾ റവന്യു- ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നിരീക്ഷണത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ലെങ്കിലും അടിയന്തര ഘട്ടം എത്തിയാൽ ക്യാമ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയെയും ആലപ്പുഴ- ചങ്ങനാശ്ശേരി എസി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടനാട്ടിലെ പ്രധാന മൂന്ന് ബൈ റോഡുകളിൽ വെള്ളം കയറിയതോടെ യാത്ര ക്ലേശം ഏറിയിട്ടുണ്ട്. നീരേറ്റുപുറം- മുട്ടാർ- കിടങ്ങറ റോഡ് ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ ഇപ്പോഴും മൗനത്തിലാണ്. കാലവർഷം ശമനമില്ലാതെ തുടർന്നാൽ കുട്ടനാട്ടിൽ വെള്ളം വീണ്ടും ഉയരുകയും കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും.
രണ്ടാം കൃഷി ഇറക്കിയ കർഷകരും കടുത്ത പ്രതിസന്ധിയിലാണ്. 40 ദിവസം പിന്നിട്ട നെൽകൃഷിയാണ് അധികവുമുള്ളത്. ഇതിനോടകം രണ്ട് വളപ്രയോഗവും കീടനാശിനി തളിക്കലും കഴിഞ്ഞു. കാലവർഷം നീണ്ടുനിന്നാൽ ആയിരത്തോളം കർഷക കുടുംബങ്ങളാവും കടക്കെണിയിലാവുക.