ആലപ്പുഴ: മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും വർധിച്ചതോടെ കുട്ടനാടിന്‍റെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ടാം കൃഷിക്ക് ഒരുങ്ങുന്ന കൈനകരിയിലെ പാടശേഖരത്തിൽ മട വീണു. കാവാലം മാണിക്യമംഗലം പാടശേഖരത്തിലും മട വീഴ്‌ചയുണ്ടായി. കൊയ്ത്തുകഴിഞ്ഞ കിടക്കുന്നതിനാൽ കൃഷിനാശം ഉണ്ടായിട്ടില്ല. കനകശ്ശേരി അടക്കമുള്ള നിരവധി പ്രദേശങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
Read more:ന്യൂനമർദം : കടലാക്രമണം രൂക്ഷമായതോടെ ആലപ്പുഴയിൽ അതീവ ജാഗ്രത
വെള്ളം ഉയരുന്നത് കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴി മുറിക്കുന്ന നടപടികളാരംഭിച്ചു. എന്നാൽ കടൽകയറ്റം തുടരുന്നതിനാൽ കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുകാനുള്ള സാധ്യത കുറവാണ്. വെള്ളം ഉയരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കനത്ത ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കുന്നതിനുള്ള നടപടികളും റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.