ആലപ്പുഴ: ഏത് വർഗീയ കലാപത്തിലാണ് താൻ പങ്കെടുത്തതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരൻ. ഏത് വർഗീയ വിദ്വേഷവും സംഘർഷവും ഉണ്ടാക്കുന്ന കേസിലാണ് താൻ പ്രതിയായത് എന്ന് ശിവൻകുട്ടി പറയട്ടെ. ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കരുത് എന്നും വസ്‌തുനിഷ്‌ഠമായി എന്തെങ്കിലുമുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സ്വന്തം കഴിവുകേടുകളും സ്വന്തം ആളുകളുടെ ചോർച്ചയും തടയാൻ വേണ്ടി അബദ്ധജടിലങ്ങളായ പച്ച കള്ളങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ശിവൻകുട്ടി കരുതണ്ടെന്നും അത് നേമത്തെ ജനങ്ങളുടെ ഇടയിൽ വിലപ്പോവില്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.
മാറാട് നടന്ന കൂട്ടക്കൊല കേസിൽ കോൺഗ്രസിൻ്റെയും മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരും പ്രതികളാണ്. ഇതിലൊക്കെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും വഹിച്ച പങ്ക് എല്ലാവർക്കുമറിയാം. ജുഡീഷ്യൽ റിപ്പോർട്ടിലും ഇതു സംബന്ധിച്ച് പരാമർശം ഉണ്ടെന്നും കുമ്മനം ചൂണ്ടിക്കാട്ടി. പൂന്തുറയിലും ചാല കമ്പോളത്തിലും ഉൾപ്പടെ നിരവധി വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിലൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ പങ്ക് എന്തായിരുന്നു എന്ന് ജനങ്ങൾക്ക് അറിയാം. ശിവൻകുട്ടി ഇപ്പോൾ വലിയ മേനി നടിച്ച് വലിയ ആദർശനിഷ്‌ഠനാണെന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും കുമ്മനം രാജശേഖരൻ ആലപ്പുഴയിൽ പറഞ്ഞു.