ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് തുടക്കമായി. പൊതുവെ സമാധാനപരമായാണ് ജില്ലയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പുലർച്ചെ 5.30ന് മോക്പോൾ പ്രക്രിയ ആരംഭിച്ച് 6 മണിയോടുകൂടി മിക്ക ബൂത്തുകളിലും പൂർത്തിയായി. ആലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്ജൻ സക്കരിയ ബസാറിലെ വൈഎംഎംഎ എൽപി സ്‌കൂളിലും അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം ലിജു ഹരിപ്പാടും വോട്ട് രേഖപ്പെടുത്തുകയുണ്ടായി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപെടുത്തിയിട്ടുള്ളത്. സംഘർഷ സാധ്യത പ്രദേശങ്ങളായ അരൂർ വടുതല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്.ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.