ആലപ്പുഴ: പലതായി ഭിന്നിച്ചു നിൽക്കുന്ന കേരള കോൺഗ്രസ് പാർട്ടികളുടെ ഐക്യവും പുനരേകീകരണവും കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് കേരള കോൺഗ്രസ് (ജേക്കബ് വിഭാഗം) ചെയർമാൻ ജോണി നെല്ലൂർ. ആലപ്പുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പലതായി ഭിന്നിച്ച് നിൽക്കുന്ന കേരള കോൺഗ്രസുകൾ ഒരൊറ്റ ശക്തിയായി മാറേണ്ടതുണ്ട്. ഇതിനായി പലപ്പോഴും വിവിധ നേതാക്കൾ ശ്രമിച്ചതാണ്. പാർട്ടി സ്ഥാപക നേതാവായിരുന്ന ടി.എം ജേക്കബ് മുൻകൈ എടുത്തിരുന്നു. പിന്നീട് പലവിധ കാരണങ്ങളാൽ അത് നടക്കാതെ പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടി പിളർപ്പിലേക്ക് എന്ന നിലയിൽ വരുന്ന വാർത്തകളിൽ വസ്തുതകൾ ഇല്ല. അത് ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടി പല ഓൺലൈൻ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണ്. പാർട്ടിയിലെ പ്രവർത്തകരും നേതാക്കളും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയാത്തവർ പാർട്ടിക്ക് പുറത്തു പോകുന്നുണ്ട്. അതിനെ പിളർപ്പായല്ല കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.