ആലപ്പുഴ: സിപിഐയുടെ കരട് രാഷ്‌ട്രീയ പ്രമേയത്തിൽ മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇന്ത്യയിലെ പ്രതിപക്ഷമായി സിപിഐ ആരെയാണ് കാണുന്നതെന്ന് അവർ വ്യക്തമാക്കണം. ബിജെപിയെ എതിരിടാൻ സിപിഐ തന്നെയാണോ പ്രതിപക്ഷ നേതൃനിരയിലേക്ക് ഉയർന്ന് വരുന്നത്, അതല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്‌ട്രീയ പാർട്ടിയെ ആ സ്ഥാനത്ത് കാണുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കിയ ശേഷം കൂടുതൽ പ്രതികരണം നടത്താം എന്നും കെ.സി പറഞ്ഞു.
സിപിഐയുടെ കരട് രാഷ്‌ട്രീയ പ്രമേയത്തിൽ രാജ്യത്തെ പ്രതിപക്ഷമായി കോൺഗ്രസിനെ കാണാൻ കഴിയില്ല എന്ന പരാമർശത്തെ സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കെ.സി വേണുഗോപാൽ.
2024ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയെ എതിരിടാൻ രാജ്യത്ത് ഒരു മതേതരസഖ്യം ഉയർന്നു വരേണ്ടതുണ്ട്. ഇതിന് പ്രതിപക്ഷ പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്നും അതിനായി കോൺഗ്രസ് പ്രവർത്തിക്കുമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. ഇതിന്‍റെ ആദ്യ പടിയായാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർദ്ദേശിക്കാതിരുന്നത്. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ഈ നിലപാട് തന്നെയായിരുന്നു കോൺഗ്രസ് സ്വീകരിച്ചതെന്നും കെ.സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.