ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലം പിടിച്ചെടുക്കാൻ യൂത്ത് കോൺഗ്രസ് പെൺപുലിയെ കളത്തിലിറക്കി കോൺഗ്രസ് നേതൃത്വം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ അരിത ബാബുവിനെയാണ് അഡ്വ. യു.പ്രതിഭയ്‌ക്കെതിരെ മത്സരിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്.
കോൺഗ്രസ് വേദികളിൽ സജീവ സാന്നിധ്യമാണ് ഉജ്ജ്വല വാഗ്മിയും എഴുത്തുകാരിയുമായ അരിത. കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ കൃഷ്‌ണപുരം ഡിവിഷനെ പ്രതിനിധീകരിച്ച അരിത തന്‍റെ ഇരുപത്തി രണ്ടാം വയസിലാണ് കന്നിയങ്കത്തിനിറങ്ങിയത്. അറിയപ്പെടുന്ന ഒരു ക്ഷീരകർഷക കൂടിയാണ് ഇരുപത്തിയേഴുകാരിയായ അരിത. നിലവിൽ കായംകുളം എം.എൽ.എ അഡ്വ. യു.പ്രതിഭയുമായി കായംകുളത്തെ സി.പി.എം ഏരിയ നേതൃത്വത്തിനും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും അഭിപ്രായഭിന്നതയുണ്ട്. ഈ സാഹചര്യത്തിൽ അരിതയുടെ സ്ഥാനാർഥിത്വത്തിലൂടെ യുവ വോട്ടർമാരുടെയും അസംതൃപ്‌തരായ സി.പി.എം പ്രവർത്തകരുടെയും വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പിന്തുണയോടെയാണ് അരിതയ്‌ക്ക് ഇവിടെ സ്ഥാനാർഥിത്വം ലഭിച്ചത്. ഇത് സംഘടനാ തലത്തിലും ഗുണകരമാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
എന്നാൽ അരിതയ്‌ക്ക് സ്ഥാനാർഥിത്വം നൽകിയത് കായംകുളത്തെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. യോഗ്യതയില്ല എന്നും അഡ്വ. യു. പ്രതിഭയ്‌ക്ക് അനായാസ ജയം സമ്മാനിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സ്ഥാനാർഥിയെ മുന്നോട്ട് വച്ചിരിക്കുന്നതെന്നുമാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെ.പി.സി.സിക്കും എ.ഐ.സി.സിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം