ആലപ്പുഴ: സിപിഎമ്മിനുള്ളിലെ വിഭാഗീയതയുടെ ഈറ്റില്ലമായ ആലപ്പുഴയിൽ വീണ്ടും നേതാക്കൾ ചേരിതിരിഞ്ഞു പ്രചാരണം തുടങ്ങി. ഒരിടവേളയ്ക്ക് ശേഷം പ്രാദേശിക നേതാക്കളാണ് കായംകുളത്ത് വീണ്ടും വിഭാഗീയ നീക്കങ്ങൾക്ക് തുടക്കമിട്ടത്. കായംകുളം മുട്ടേൽ പാലം ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം നടക്കാനിരിക്കെയാണ് സിപിഎം നേതാവും കായംകുളം എംഎൽഎയുമായ അഡ്വ. യു പ്രതിഭയുടെ പേരും ചിത്രവും പ്രചാരണ ബോർഡുകളിൽ നിന്ന് ഒഴിവാക്കിയത്.
സിപിഎം കായംകുളം ഏരിയ കമ്മിറ്റിയുടെ പേരിലുള്ള ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ പോസ്റ്റിലാണ് എംഎൽഎയുടെ പേര് ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍റെയും പേരും ചിത്രവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംഭവം പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. തന്‍റെ പേര് ഒഴിവാക്കിയതിൽ ജില്ലാ കമ്മിറ്റിയെ എംഎൽഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ സംഭവം വിവാദമായതോടെ പോസ്റ്റര്‍ പിൻവലിച്ച് എംഎൽഎയുടെ ചിത്രം കൂടി ഉൾപ്പെടുത്തി പുതിയ പോസ്റ്റര്‍ സ്ഥാപിച്ചു.
എംഎൽഎക്കെതിരെ പ്രവർത്തകർ കൂട്ടരാജിയും പരസ്യ പ്രസ്താവനകളും നടത്തിയ സ്ഥലമാണ് കായംകുളം. കുറച്ചുനാളുകളായി എംഎൽഎയും പാർട്ടി ഏരിയ നേതൃത്വവുമായി ഇവിടെ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ പുതിയ വിഭാഗീയ നീക്കത്തെ ഏറെ ഗൗരവത്തോടെയാണ് ജില്ലാ കമ്മിറ്റി കാണുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സിപിഎം ഏരിയ-ജില്ലാ നേതൃത്വങ്ങൾ തയ്യാറായിട്ടില്ല.