ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്രമോദി സിൽവർ ലൈനിനോട് അനുഭാവം പ്രകടിപ്പിച്ചെന്നത് മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ പരത്തുന്ന പിആർ പ്രചരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പഞ്ചാബ് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സന്ദർശിച്ചു. രണ്ട് വർഷത്തേക്ക് 500 കോടിയുടെ പാക്കേജ് പഞ്ചാബ് മുഖ്യമന്ത്രിയും സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കേരളവും ചോദിച്ചു.
കേന്ദ്ര റെയിൽവേ മന്ത്രി രാജ്യസഭയിൽ സിൽവർ ലൈൻ സംബന്ധിച്ച് പറഞ്ഞത് കേരളത്തിലെ ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് മാത്രമേ സിൽവർ ലൈൻ പദ്ധതി നടപ്പാക്കൂവെന്നാണ്. സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധമാണ്. ഈ പദ്ധതി വളരെ സങ്കീർണമാണ്. തിരക്കിട്ട് ഒരു തീരുമാനവും എടുക്കില്ല. നിലവിൽ സംസ്ഥാനം സമർപ്പിച്ചിരിക്കുന്ന പദ്ധതിയിൽ പാരിസ്ഥിതികവും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്‌നങ്ങളുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനം 63,000 കോടിയാണ് പറയുന്നതെങ്കിലും ഒരു ലക്ഷം കോടിയെങ്കിലും ആവുമെന്നാണ് ഞങ്ങളുടെ കണക്ക്. സ്റ്റാൻഡേർഡ് ഗേജിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നതിനാൽ അതിൽ മറ്റ് സർവീസുകൾ സാധ്യമാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി കഴിഞ്ഞു. വി.ഡി സതീശന് ഡൽഹിയിൽ ഇടനിലക്കാർ ഇല്ലാതായതാണ് പ്രശ്‌നമെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
പാർലമെൻ്റിന് അകത്ത് പെരുമാറുന്നത് പോലെ പുറത്ത് പെരുമാറിയതാണ് കേരളത്തിലെ എംപിമാർക്ക് പ്രശ്‌നമായത്. കേരളത്തിൻ്റെ നിലനിൽപ്പിന് വേണ്ടിയാണ് ബിജെപി സിൽവർ ലൈനിനെതിരെ സമരം ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.