ആലപ്പുഴ: സംസ്ഥാന ജീവനക്കാര്‍ക്ക് നിലവില്‍ കുടിശ്ശികയായ 8% ക്ഷാമബത്ത അടിയന്തരമായി വിതരണം ചെയ്യണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ ചേർത്തല മേഖല സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ക്ഷാമബത്ത കൊണ്ട് വിലക്കയറ്റം സമീകരിക്കാനാകാത്ത സാഹചര്യമാണ് നിലനില്‍കുന്നത്. കേന്ദ്രം പ്രഖ്യാപിക്കുന്ന അടുത്ത ക്ഷാമബത്ത ഉടന്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ക്ഷാമബത്ത കുടിശിക വീണ്ടും ഉയരും.
വിഷയം സംബന്ധിച്ച് ചേർത്തല എൻ.എസ്.എസ്.യൂണിയൻ ഹാളിൽ നടന്ന സമ്മേളനം ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ.ബാലനുണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് വി.ഉദയൻ അധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർപേഴ്സൺ ആർ. ഉഷ, ജില്ലാ സെക്രട്ടറി ജെ.ഹരിദാസ്, ജില്ലാ ട്രഷറർ വി.ഡി.അബു, ജില്ലാ വൈസ് പ്രസിഡന്‍റ് കെ.ജി ഐബു, എസ്.സന്തോഷ് കുമാർ, വി.തങ്കച്ചൻ എന്നിവര്‍ സംസാരിച്ചു.