ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷക്ക് ചുക്കാൻ പിടിച്ചത് കേരള പൊലീസിലെ പെൺപുലികൾ. വനിത ബറ്റാലിയന് കീഴിലുള്ള വനിത കമാൻഡോ സംഘത്തിനായിരുന്നു മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല നൽകിയത്.
മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിത ബറ്റാലിയനിലെ പത്തംഗ സംഘത്തിനായിരുന്നു ചുമതല. രാവിലെ മുഖ്യമന്ത്രി പരിപാടികൾ തുടങ്ങിയത് മുതൽ ഇവർ സുരക്ഷാ ചുമതല ഏറ്റെടുത്തു. കിഫ്ബി പദ്ധതികളുടെ സംസ്ഥാന പ്രദർശന ഉദ്ഘാടനവും ലൈഫ് മിഷന്‍റെ ഭവനസമുച്ചയ ഉദ്ഘാടനവും നിർവഹിക്കാൻ ആലപ്പുഴയിൽ എത്തിയ മുഖ്യമന്ത്രിയുടെ ഇടവും വലവുമായി വനിത കമാൻഡോകൾ അണിനിരന്നു.
'നാളെയുടെ സുരക്ഷ പെൺകരങ്ങളിൽ' എന്ന സംസ്ഥാന പൊലീസ് സേനയുടെ ക്യാമ്പയിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതല വനിതാ കമാൻഡോകൾക്ക് നൽകിയത്. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വനിതാ കമാൻഡോകളെയും മുഖ്യമന്ത്രി ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ വനിത പൊലീസ് ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്. ക്യാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതലകൾ വനിതകൾക്കാണ് നൽകിയത്. ഇത്തരത്തിൽ ഒരു അംഗീകാരം ലഭിച്ചതിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്നും ഏൽപ്പിക്കപ്പെട്ട ചുമതല കൃത്യതയോടെ നിർവഹിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടെന്നും വനിതാ കമാൻഡോകൾ പറഞ്ഞു.
സംസ്ഥാന പൊലീസിൽ പുരുഷന്മാരെ പോലെ വനിതകൾക്കും അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ് തങ്ങൾക്ക് ഇത്തരത്തിലൊരു പ്രധാനപ്പെട്ട ഉത്തരവാദിത്വം നൽകിയതെന്നും വനിതാ കമാൻഡോകൾ കൂട്ടിച്ചേർത്തു. എന്നാൽ നിയമപരമായ വിലക്കുകൾ നിലനിൽക്കുന്നതിനാൽ പരസ്യ പ്രതികരണത്തിന് അവർ തയ്യാറായില്ല.