ആലപ്പുഴ: ലോകത്തിന്റെ സൗന്ദര്യം ഒരു ദിവസമെങ്കിലും കൂടുതലായി ആസ്വദിക്കുവാൻ ലഭിക്കുന്ന ഭാഗ്യമാണ് വാർധക്യമെന്ന് ജില്ലാ കലക്ടർ ഡോ.അദീലാ അബ്ദുല്ല. പ്രായം തളർത്താത്ത മനസാണ് വയോജനങ്ങൾക്ക് വേണ്ടത്. മനസിനിണങ്ങുന്ന തരത്തിൽ ജീവിക്കുകയും തുറന്ന കണ്ണുകളോട് കൂടി ലോകത്തെ നോക്കിക്കാണുകയും ചെയ്താൽ വാർധക്യ കാലത്തും ജീവിതം മനോഹരമാക്കാൻ സാധിക്കുമെന്നും കലക്ടർ പറഞ്ഞു. ലോക വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ടൗൺ ഹാളിൽ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
വയോജന ദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന ഫോട്ടോഗ്രാഫർ വി.കെ ഷേണായിയെ ജില്ലാ കലക്ടർ ആദരിച്ചു. ഇദ്ദേഹത്തിൻെറ പഴയകാല ഫോട്ടോ ശേഖരങ്ങളുടെ പ്രദർശനവും ടൗൺഹാളിൽ ഒരുക്കിയിരുന്നു. പഴമയുടേയും പുതിയ കാലത്തിന്‍റെയും വ്യത്യസ്തതകൾ വരച്ചുകാട്ടുന്ന ചിത്രങ്ങളുടെ പ്രദർശനം ഏറെ ശ്രദ്ധേയമായി. സാമൂഹ്യ നീതി വകുപ്പിന്‍റെയും സാമൂഹ്യ സുരക്ഷാ മിഷന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.