ആലപ്പുഴ : കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. റവന്യൂ മന്ത്രി കെ. രാജന്‍, ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് - സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്ന് തന്നെ നടപ്പാക്കുമെന്നാണ് വിവരം. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഏത് വിധേനയും ഒഴിപ്പിക്കും. മാറാൻ തയ്യാറാവാത്തവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ ദുരന്തനിവാരണ നിയമപ്രകാരം നീങ്ങും. ഇതുമായി ബന്ധപ്പെട്ട് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്‌ടർ ഉത്തരവ് ഇറക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
രക്ഷാപ്രവർത്തനം കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച്
ബുധനാഴ്ച വീണ്ടും മഴ കനക്കുമെന്നും ജില്ലയിലെ പലയിടത്തും ജലനിരപ്പ് ഉയരുമെന്നുമാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ഒഴിപ്പിക്കൽ നടപടികളോട് ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും റവന്യൂ മന്ത്രി കെ രാജൻ അഭ്യർഥിച്ചു. കേന്ദ്ര സർക്കാരിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവും രക്ഷാപ്രവർത്തനവും ഒഴിപ്പിക്കൽ നടപടികളും.
പൊലീസ്, അഗ്നിശമന സേന എന്നിവരെ കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങൾ ജില്ലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും റവന്യൂ മന്ത്രി അറിയിച്ചു. അതേസമയം, വേമ്പനാട്, പുന്നമട കായലുകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലയില്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍ എന്നിവയുടെ സര്‍വീസ് ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ല കലക്‌ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ALSO READ: ഡാമുകള്‍ തുറക്കല്‍ : അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ നദികളിലും കൈവഴികളിലും ശക്തമായ ഒഴുക്കുള്ളതും പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നതിനാല്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി. ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും സര്‍വീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറെയും ഡി.ടി.പി.സി സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ ആശങ്കാജനമകമായ സാഹചര്യമില്ല. കക്കി ഡാം തുറക്കുകയും പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കാന്‍ സാധ്യതയുള്ളതിനാലും ജലനിരപ്പ് ഉയരുമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ആലപ്പുഴ കലക്ട്രേറ്റിൽ ചേർന്ന ദുരിതാശ്വാസ - രക്ഷാപ്രവർത്തന മുന്നൊരുക്ക - അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ പൊലീസും അഗ്നിരക്ഷാസേനയും സജ്ജം
ജില്ലയിൽ 54 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും.എത്ര ക്യാമ്പ് എന്നുളളതല്ല, അപകടസാധ്യതാമേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് പഞ്ചായത്ത് പ്രസിഡന്‍റുമാരും ജനപ്രതിനിധികളും വില്ലേജ് ഓഫിസര്‍മാരും സജീവ ഇടപെടല്‍ നടത്തണമെന്നും ജനങ്ങള്‍ വീടുവിട്ടുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കൊവിഡ് രോഗികളെയും ക്വാറന്‍റൈനില്‍ കഴിയുന്നവരെയും കിടപ്പുരോഗികളെയും ഈ വിഭാഗങ്ങളില്‍ പെടാത്ത പൊതുജനങ്ങളെയും പാര്‍പ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ സജ്ജമാണെന്ന് ഉറപ്പാക്കണം. പഞ്ചായത്തുകളും വില്ലേജ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചേര്‍ന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്താന്‍ ശ്രദ്ധിക്കണം. ജില്ലയില്‍ പൊലീസും അഗ്നിരക്ഷാസേനയും സര്‍വ്വസജ്ജമാണ്. എന്‍.ഡി.ആര്‍.എഫിന്‍റെ രണ്ട് സംഘങ്ങളുമുണ്ട്.
മത്സ്യത്തൊഴിലാളികളുടെ 23 സംഘങ്ങള്‍ നിലവില്‍ സേവനസന്നദ്ധമാണ്. പരമാവധി മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.