ആലപ്പുഴ: സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വായ്പ കുടിശ്ശിക പിരിക്കുന്നതിന് നടപ്പാക്കുന്ന അദാലത്ത് വഴി തിരിച്ചടവിൽ വീഴ്ച വരുത്തിയവർക്ക് സാധ്യമായ ആനുകൂല്യങ്ങൾ നൽകി കടം വീട്ടാനും ഭൂരേഖകൾ തിരിച്ചു ലഭ്യമാക്കാനുമുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ ഭവന വായ്പ കുടിശ്ശിക നിവാരണ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭവന നിർമ്മാണ ബോർഡ് പ്രവർത്തന കാലയളവിൽ ഏഴ് ലക്ഷത്തോളം വീടുകളാണ് നിർമ്മിച്ച് നൽകിയത്. ഭവന നിർമ്മാണ ബോർഡിനെ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭവന വായ്പ നൽകിയ ഇനത്തിൽ 214 കോടി രൂപ കേരളത്തിൽ നിന്ന് ബോർഡിന് പിരിച്ച് കിട്ടാനുണ്ട്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വായ്പ എടുത്തവരുടെ സാമ്പത്തികാവസ്ഥ വിലയിരുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അദാലത്തിൽ പരമാവധി അനുകൂല തീരുമാനം എടുക്കും. തീർപ്പായ കേസുകളിൽ മൂന്നുമാസത്തിനകം കുടിശിക തിരിച്ചടക്കാനാണ് അവസരം നൽകുക. ഇത് മൂന്നുഘട്ടമായും അടയ്ക്കാമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മാത്രം 114 പേർ തിരിച്ചടയ്ക്കാത്തവരായുണ്ട്. 556.63 ലക്ഷം രൂപ കുടിശിക ജില്ലയിലുണ്ട്. പിഴയും പിഴപ്പലിശയും പരമാവധി വെട്ടിച്ചുരിക്കി എല്ലാവർക്കും അടച്ചുതീർക്കാനുള്ള അവസരമാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.