ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവെ പൊഴി മുഖത്തുനിന്നും കടൽഭിത്തിയോടും ചേർന്ന് കരിമണൽ ഖനനം തുടരുന്നതിൽ പ്രതിഷേധവുമായി വീട്ടമ്മമാർ രംഗത്തെത്തി. വീട്ടമ്മമാർ മണൽ വാരൽ യന്ത്രം തടഞ്ഞതാണ് പൊലീസും പ്രദേശവാസികളും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. പുറക്കാട് തൃക്കുന്നപ്പുഴ തീരദേശത്ത് നിന്ന് ഖനനം നടത്തിയതാണ് വീട്ടമ്മമാരെ പ്രകോപിപ്പിച്ചത്. ഈ പ്രദേശത്ത് 432 വീടുകളാണ് കടലാക്രമണ ഭീഷണിയിലുള്ളത്. തുടർന്ന് ഡിവൈഎസ്‌പി പി.വി ബേബി സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ഡിസിസി പ്രസിഡന്‍റ് എം ലിജു , ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റഹ്മദ് ഹമീദ്, മുൻ പഞ്ചായത്ത് പ്രസിഡന്‍റ് എം.എച്ച് വിജയൻ എന്നിവർ തീരം സന്ദർശിച്ചു.
പഞ്ചായത്തിന്‍റെ സ്‌റ്റോപ്പ് മെമ്മോ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖനനം നിർത്തിവെക്കണമെന്നായിരുന്നു വീട്ടമ്മമാരുടെ ആവശ്യം. സ്പിൽവെ പൊഴിമുറിക്കുന്നതിന് പകരം ഖനനം നടത്താനും മണൽ കൊണ്ട് പോകാനും ഉത്തരവുണ്ടോ എന്ന വീട്ടമ്മമാരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് ഉത്തരവ് കാണിക്കാൻ കഴിഞ്ഞില്ല. പൊഴിമുഖം വിട്ടു ഖനനം തുടർന്നാൽ മണൽ ലോറികൾ തടയുമെന്ന് വീട്ടമ്മമാർ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു. കടൽഭിത്തിയുടെ പരിസരത്ത് നിന്ന് മണൽ വാരൽ യന്ത്രങ്ങൾ നീക്കിയ ശേഷമാണ് സമരക്കാർ തിരികെ പോയത്.