ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തും ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളോട് അതിരു പങ്കിടുന്ന ദ്വീപ് പഞ്ചായത്തുമായ പെരുമ്പളം ദ്വീപിൽ ഉയര്‍ന്ന പോളിംഗ്. 87.32 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേർത്തല താലൂക്കിൽ വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്താണ് പെരുമ്പളം. 7838 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇവരിൽ 3848 പുരുഷന്മാരും 3990 സ്ത്രീകളും ആണുള്ളത്.
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പെരുമ്പളം ദ്വീപിലേക്ക് വോട്ടിംഗ് സാമഗ്രികൾ കൊണ്ടുവന്നത് ജങ്കാറിലാണ്. തലേന്നുതന്നെ ഉദ്യോഗസ്ഥര്‍ ജങ്കാര്‍ വഴി അവരവരുടെ ബൂത്തുകളിലെത്തി പോളിങ്ങിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. നിശ്ചിത സമയം ഇടവിട്ട് സർവീസ് നടത്തുന്ന വാട്ടർ അതോറിറ്റിയുടെ ബോട്ടുകളാണ് ഉദ്യോഗസ്ഥരെ കൃത്യസമയത്ത് ദ്വീപിൽ എത്താൻ സഹായിച്ചത്. ദ്വീപിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അത്യാവശ്യഘട്ടങ്ങളിൽ മറുകരയിൽ എത്താൻ ജലഗതാഗത വകുപ്പിന്‍റെ ഒരു ബോട്ടും തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിരുന്നു. ഒപ്പം ദ്വീപിന് അകത്തുള്ള യാത്രകൾ സുഗമമാക്കാൻ ആവശ്യമുള്ള വാഹനങ്ങളും സാദാസമയവും സജ്ജമായിരുന്നു.
13 വാർഡുകളിലായി 13 പോളിംഗ് സ്‌റ്റേഷനുകളാണ് പെരുമ്പളം പഞ്ചായത്തിൽ ഉണ്ടായിരുന്നത്. ദ്വീപിലെ നാല് സ്‌കൂളുകളിലും പോളിംഗ് സ്റ്റേഷൻ ഉണ്ടായിരുന്നു. 16.14 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള പെരുമ്പളം പഞ്ചായത്തിന്‍റെ നീളം അഞ്ചുകിലോമീറ്ററും വീതി രണ്ട് കിലോമീറ്ററുമാണ്.