ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി.കെ യഹ്‌യ തങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കസ്റ്റഡിയിലെടുത്ത യഹ്‌യയുടെ അറസ്റ്റ് ഇന്നലെ രാത്രിയാണ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിന്‍റെ സ്വാഗത സംഘം ചെയർമാനായിരുന്നു യഹ്‌യ തങ്ങൾ.
കേസിൽ ഇതുവരെ 26 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിട്ടുള്ളത്. കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ജില്ല പ്രസിഡന്‍റ് നവാസ് വണ്ടാനം ഉൾപ്പടെ 20 പേരുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. നവാസിന്‍റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്.
അതേസമയം തൃക്കാക്കര തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ രാഷ്ട്രീയപരമായ കാരണങ്ങളാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കാൻ സാധ്യത ഇല്ലെന്നാണ് ലഭ്യമായ സൂചന. ഇതിനുപുറമെ പോപ്പുലർ ഫ്രണ്ട് ജില്ല സെക്രട്ടറി ഉൾപ്പടെ ചില നേതാക്കൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് ആരാണെന്നതിനെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടിയുടെ പിതാവ് അസ്‌കർ അലിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ സമർപ്പിക്കും. കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേതാക്കളെ വേട്ടയാടുന്നു എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഇടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രധാനപ്പെട്ട സംസ്ഥാന നേതാക്കൾ ആലപ്പുഴയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.