ആലപ്പുഴ:എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആലപ്പുഴ റിക്രീയേഷന്‍ മൈതാനത്ത് നടക്കും. രാവിലെ 8.40 ന് ആരംഭിക്കും. രാവിലെ 9 ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ദേശീയപതാക ഉയർത്തും. രാവിലെ വേദിയിലെത്തുന്ന മന്ത്രിയെ ജില്ലാ കലക്ടർ എ അലക്സാണ്ടര്‍, ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു എന്നിവര്‍ ചേർന്ന് സ്വീകരിക്കും. ദേശീയ പതാകയുയർത്തിയശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകും.
കൊവിഡിന്‍റെ സാഹചര്യത്തിൽ മാർച്ച് പാസ്റ്റ് ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. നാല് പ്ലാറ്റൂണുകളാണ് ചടങ്ങിൽ പങ്കെടുക്കുക. കൊവിഡിന്‍റെ സാഹചര്യത്തിൽ ചടങ്ങുകളിൽ 100 പേരിൽ താഴെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. പൊതുജനങ്ങൾക്ക് ചടങ്ങിൽ പ്രവേശനം ഉണ്ടായിരിക്കില്ല.
സ്റ്റുഡന്‍റ്സ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്, എൻസിസി ജൂനിയർ വിങ് എന്നിവരെ ഇത്തവണ ചടങ്ങിൽ പങ്കെടുപ്പിക്കുകയില്ല. പൊലീസ് ബാൻഡ് ആണ് ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്നത്. ലോക്കൽ പൊലീസ്, ജില്ലാ സായുധ സേനാംഗങ്ങൾ, എക്സൈസ് തുടങ്ങിയ വിഭാഗങ്ങൾ മാത്രമാണ് പരേഡിൽ സംബന്ധിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവരെ തെർമൽ സ്കാനിങ് വിധേയരാക്കുകയും മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉറപ്പാക്കുകയും ചെയ്യും.