ആലപ്പുഴ:ചേർത്തല പള്ളിപ്പുറത്ത് സമര പരമ്പര.മെഗാ ഫുഡ്‌പാർക്കിലെ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിൽ നിന്നുള്ള വെള്ളം കായലിലേയ്ക്ക് ഒഴുക്കിവിടാൻ പൈപ്പ് സ്ഥാപിക്കുന്നതിനെതിരെയാണ് വിവിധ സംഘടനകൾ പ്രതിഷേധവുമായെത്തിയത്. പൈപ്പ് സ്ഥാപിക്കൽ ജോലികൾ പൂർത്തിയാക്കാൻ ഒരു മാസത്തോളം സമയം വേണ്ടിവരും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് മെഗാഫുഡ് പാർക്ക്. ഇവിടെ നിന്നും കൈതപ്പുഴ കായലിലേക്കാണ് പൈപ്പ് സ്ഥാപിക്കുന്നത്. മത്സ്യസമ്പത്ത് നശിക്കുമെന്നും, ജനജീവിതം ദുസ്സഹമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളും മറ്റ് സംഘടനകളും പ്രതിഷേധവുമായെത്തിയത്.
രാവിലെ ഏഴു മണിയോടെ സിപിഐ പഞ്ചായത്തംഗം ഷിൽജയുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി പ്രതിഷേധം ആരംഭിച്ചെങ്കിലും പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്‌ത് നീക്കി. തുടർന്ന് ബിജെപിയുടെ നേത്യത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് തിരുനെല്ലൂർ ബൈജു, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.വി.രാമചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി. പിന്നാലെ ധീവരസഭയും പ്രകടനവുമായെത്തി. സംസ്ഥാന സെക്രട്ടറി സി.ഗോപി, ജില്ലാ സെക്രട്ടറി, എൻ.ആർ.ഷാജി, എന്നിവർ നേത്യത്വം നൽകി. ഇതേ സമയത്ത് തന്നെ എതിർദിശയിൽ നിന്നും മത്സ്യത്തൊഴിലാളി കോൺഗ്രസിൻ്റെ പ്രകടനവും എത്തി. ഇതിന് പിന്നാലെ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളും പ്രകടനമായെത്തി. പാർലമെൻ്ററി പാർടി നേതാവ് ടോമി ഉലഹന്നാൻ നേതൃത്വം നൽകി. പിന്തുണയുമായി അഡ്വ.ഷാനിമോൾ ഉസ്‌മാനും എത്തി. പ്രതിഷേധവുമായെത്തിയ മുഴുവൻ പ്രവർത്തകരെയും അറസ്റ്റ് ചെയ്‌ത് നീക്കി. വരും ദിവസങ്ങളിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുന്നൂറോളം പോലീസ് സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എസ്.പി. ഉൾപ്പെടെയുളള ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്.