ആലപ്പുഴ: സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ആലപ്പുഴ കലക്ടറേറ്റിലെ രണ്ടാം നിലയിൽ ഉപഭോക്തൃ സഹായ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമന്‍ നിർവഹിച്ചു. ഉപഭോക്തൃതര്‍ക്ക പരിഹാരം, വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, ഭക്ഷ്യ വകുപ്പുമായി ബന്ധപ്പെട്ടുള്ള അപേക്ഷ നൽകേണ്ട രീതിയും സഹായങ്ങളും എന്നിവ ഈ ഹെൽപ് ഡെസ്കിൽ നിന്ന് ലഭ്യമാണ്. ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് എല്ലാ കലക്ടറേറ്റ് കളിലും ഇത്തരം സഹായ കേന്ദ്രങ്ങൾ ആരംഭിച്ചതായി മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉപഭോക്താവിനെ സംരക്ഷിക്കുന്നതിന് ഉപഭോക്തൃ നിയമത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആലപ്പുഴ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ നിന്ന് ആരംഭിച്ച ഉപഭോക്തൃ ബോധവത്കരണ റാലി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമന്‍ ഫ്ലാഗ് ചെയ്തു. ദേശീയ ഉപഭോക്തൃ ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റേഷന്‍ വിതരണം പരമാവധി സുതാര്യമാക്കി. ഇ-പോസ് മെഷീനുകള്‍ ത്രാസുമായി ബന്ധിപ്പിച്ചു. റേഷന്‍ വിതരണത്തിന് ഗോഡൗണുകളില്‍ ത്രാസ്, കൂടാതെ സി.സി.ടി.വിയും സ്ഥാപിച്ചു. റേഷന്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ അടുത്ത കരാര്‍ വിളിക്കുമ്പോള്‍ പൂര്‍ണമായും ജി.പി.എസ്. സംവിധാനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്നു മുതിര്‍ന്ന ഉപഭോക്താക്കളെ മന്ത്രി ആദരിച്ചു. ജില്ല സപ്ലൈ ഓഫീസര്‍ പി മുരളീധരന്‍ നായര്‍ നേതൃത്വം നല്‍കി. സപ്ലൈകോ ജീവനക്കാര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, റോളര്‍ സ്കേറ്റിങ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ജാഥയില്‍ പങ്കെടുത്തു.