ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയായ മകളെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീധന്യയിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്നും ഓടി എത്തിയ മഹേഷിന്‍റെ മാതാവ് സുനന്ദയെയും(62) ഇയാൾ മഴുകൊണ്ട് വെട്ടി. ഗുരുതരമായി പരിക്കേറ്റ സുനന്ദയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സൂചനയുണ്ട്.
നക്ഷത്രയുടെ അമ്മ മൂന്നു വര്‍ഷം മുൻപ് ആത്മഹത്യ ചെയ്‌തിരുന്നു. ബുധനാഴ്‌ച വൈകിട്ട് ഏഴരയ്ക്കായിരുന്നു സംഭവം. വീട്ടിൽ ബഹളം കേട്ട് തൊട്ടടുത്ത സഹോദരിയുടെ വീട്ടില്‍ താമസിച്ചിരുന്ന മഹേഷിന്‍റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ്.
ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ഇയാൾ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുനന്ദയുടെ കൈയ്ക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെയും ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ചു.
വിദേശത്തായിരുന്നു ശ്രീമഹേഷ്. പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ നാട്ടിലെത്തിയത്.
പദ്ധതിയിട്ടത് കൂട്ടകൊലയ്‌ക്ക്: ശ്രീമഹേഷ് കൂട്ടക്കൊലയ്ക്കാണ് ലക്ഷ്യമിട്ടതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ജൂണ്‍ ഏഴിന് വൈകിട്ട് വീട്ടിനുള്ളില്‍ വച്ചായിരുന്നു ശ്രീമഹേഷ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്. മകൾ നക്ഷത്രയ്ക്ക് പുറമെ ഇയാളുടെ മാതാവ് സുനന്ദ, ശ്രീമഹേഷിന് പുനർ വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയും കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.
മൂന്നു കൊലപാതകങ്ങൾ നടത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. പ്രതി ശ്രീമഹേഷിനെ മണിക്കൂറുകൾ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് ഇയാൾ സംഭവ ദിവസം വീട്ടിലെത്തിയത്.
കൂട്ടക്കൊല നടത്താനായി പ്രതി ഓൺലൈൻ ആയി മഴു ഓർഡർ ചെയ്തെങ്കിലും അത് ലഭിക്കാതെ വന്നതോടെ പ്രത്യേകം പറഞ്ഞു ചെയ്യിക്കുകയായിരുന്നു. ഈ മഴു കൊണ്ടാണ് മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്.
നക്ഷത്രയുടെ മരണത്തിന് കാരണം തലയുടെ പിന്‍ഭാഗത്ത് ഏറ്റ മുറിവ്: ശബ്‌ദം കേട്ട് ഓടിയെത്തിയ ഇയാളുടെ അമ്മയേയും ശ്രീമഹേഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയുടെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് നക്ഷത്രയുടെ മരണത്തിന് കാരണമായത്.
വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീഗണേഷ് ട്രെയിൻ തട്ടി മരിച്ചതിനെ തുടർന്നാണ് നാട്ടിൽ എത്തിയത്. ഇയാളുടെ ഭാര്യ വിദ്യ രണ്ടു വർഷം മുൻപ് വീട്ടിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വിദ്യയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് നാട്ടുകാർ ഇപ്പോൾ ആരോപിക്കുന്നത്. ശ്രീമഹേഷ് വിദ്യയെ തുടർച്ചയായി ഉപദ്രവിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.
ജയിലില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് പ്രതി: അതേസമയം, ഇയാള്‍ ജയിലില്‍ വച്ച് ആത്മഹത്യയ്‌ക്ക് ശ്രമം നടത്തിയിരുന്നു. ആത്മഹത്യ ശ്രമം നടത്തിയ ശ്രീമഹേഷിന്‍റെ നില ഗുരുതരമായി തുടര്‍ന്നിരുന്നു. നിലവില്‍ ഇയാള്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സെല്ലിലേക്ക് മാറ്റുന്നതിന് മുന്‍പായി രേഖകള്‍ ശരിയാക്കാന്‍ ജയില്‍ സൂപ്രണ്ടിന്‍റെ ഓഫിസിലേക്ക് എത്തിച്ചപ്പോഴായിരുന്നു ഇയാള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.