ആലപ്പുഴ: തെരഞ്ഞെടുപ്പ് ബോധവത്ക്കരണവുമായി എഞ്ചിനീയറിങ് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന അഖില കേരള സൈക്കിൾ റൈഡ് ശ്രദ്ധേയമാവുന്നു. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുക എന്ന ഉദ്ദേശത്തോടെ പാലക്കാട് എഞ്ചിനീയറിങ് കോളജിലെ സൈക്കിൾ ക്ലബ് അംഗങ്ങളായ വിദ്യാർഥികളാണ് സൈക്കിൾ റൈഡ് നടത്തുന്നത്.
"എൻറെ വോട്ട് എൻറെ ശക്തി" എന്ന മുദ്രാവാക്യത്തിൽ സൈക്കിൾ റൈഡ് കടന്നുപോകുന്ന പ്രധാന നഗരങ്ങളിൽ ബോധവത്ക്കരണ പരിപാടികളും ഇവർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 13ന് കാസർകോട് ജില്ലാ കലക്ടർ സജിത്ത് ബാബു ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി ഏഴാം ദിവസമാണ് ആലപ്പുഴയിൽ എത്തിച്ചേർന്നത്. സാബിൻ മുനവ്വിർ, ജുനൈദ്, മുഹമ്മദ് സലാഹ്, ജിബിൻ, മുഹമ്മദ് ജസീൽ, അദ്നാൻ ആലുങ്കൽ എന്നിവർ ഉൾപ്പെടുന്ന ആറംഗ സംഘം എട്ട് ദിവസം കൊണ്ട് ഏകദേശം 700 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്നത്. കടന്നുപോയ ജില്ലകളിൽ വൻവരവേൽപ്പാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.