ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്‍റ സംസ്ക്കാര ചടങ്ങുകൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ മഠത്തിൽ മണിയന്‍റെ മൃതദേഹമാണ് പ്രവർത്തകർ മെഡിക്കൽ കോളജിൽ നിന്ന് ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്ക്കരിച്ചത്. വയലാർ പഞ്ചായത്തിലെ ആദ്യ കൊവിഡ് മരണമാണ് മണിയന്‍റേത്. മണിയന്‍റെ കുടുംബാംഗങ്ങളായ എട്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
ആരോഗ്യ വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും അനുവാദത്തോടെ പിപിഇ കിറ്റ് ധരിച്ചാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മേഖല സെക്രട്ടറി അഖിൽ കൃഷ്ണ, ട്രഷറർ മുകേഷ്, മേഖല കമ്മറ്റി അംഗം സെബാസ്റ്റ്യൻ, യൂണിറ്റ് അംഗങ്ങളായ ടികെ അരുൺ, പവി എന്നിവർ നേതൃത്വം നൽകി. കൊവിഡ് മരണം റിപ്പോർട്ട് പ്രദേശത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.