ആലപ്പുഴ : കേരളം ഏറെ വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രളയബാധിതരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ആലപ്പുഴ ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള പറഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കലക്ടർ. ജനങ്ങളുടെ സുരക്ഷക്കാണ് ജില്ലാ ഭരണകൂടം മുൻഗണന നൽകുന്നത്.
രക്ഷാപ്രവർത്തകരോട് ജനങ്ങൾ സഹകരിക്കണമെന്നും പ്രളയം ബാധിക്കാത്ത പ്രദേശങ്ങളിൽ കഴിയുന്നവർ തങ്ങളുടെ കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ശ്രമിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു. ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ദുരിതബാധിതരെ സഹായിക്കാൻ സാധന സമാഹരണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവിടേക്ക് സഹായങ്ങൾ എത്തിക്കാൻ എല്ലാ വിഭാഗം ജനങ്ങളും ശ്രമിക്കണമെന്നും കലക്ടർ ഓർമ്മിപ്പിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എസ്.ഡി.വി.ജെ.ബി സ്കൂൾ, തകഴി ദേവസ്വം ബോർഡ് സ്കൂളിലും കലക്ടർ സന്ദർശനം നടത്തി. ക്യാമ്പിലെ അന്തേവാസികളെ നേരിൽ കണ്ട് സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം ശുചിമുറികളും പാചകമുറികളും മറ്റ് സൗകര്യങ്ങള്‍ക്കും പ്രത്യേക ശ്രദ്ധ കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.