ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കിനായി ജില്ല കലക്ടര്‍ എ.അലക്സാണ്ടര്‍ ശനിയാഴ്ച നടത്തിയ ഓണ്‍ലൈന്‍ അദാലത്തില്‍ വന്ന എല്ലാ പരാതികളും തീര്‍പ്പാക്കി. വിവിധ മേഖലകളില്‍ നിന്നുമായി വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട 10 പരാതികളാണ് ഓണ്‍ലൈനിലൂടെ പരാതിക്കാര്‍ സമര്‍പ്പിച്ചത്. ഇവയിലെല്ലാം തന്നെ നിയമാനുസൃതമായ നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടാണ് ഒരു പരാതിപോലും ബാക്കിവെക്കാതെ ഓണ്‍ലൈന്‍ അദാലത്ത് പൂര്‍ത്തിയാക്കിയത്.
പതിറ്റാണ്ടുകളായി ആധാരമില്ലാത്ത സ്ഥലത്ത് താമസിച്ച് വന്നിരുന്ന ചെങ്ങന്നൂര്‍ കല്ലിശ്ശേരി പഴയപീടികയില്‍ മേരിക്കുട്ടി ജേക്കബിനും , പഴയപീടകയില്‍ ലീലാമ്മ കുര്യനും പോക്കുവരവ് ചട്ടം 28 പ്രകാരം ആധാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ക്ക് കലക്ടര്‍ ഓണ്‍ലൈന്‍ അദാലത്തിലൂടെ നിര്‍ദ്ദേശം നല്‍കി. പ്രളയ ദുരിതാശ്വാസ തുക കിട്ടാനുണ്ടായിരുന്ന തിരുവന്‍മണ്ടൂര്‍ മാവേലിത്തറ വീട്ടില്‍ വത്സല സോമനും, തിരുവന്‍മണ്ടൂര്‍ തുണ്ടിക്കണ്ടത്തില്‍ വത്ലസ രവിക്കും ഫണ്ടിന്‍റെ ലഭ്യതക്ക് വിധേയമായി തുക അനുവധിച്ചു. കാലങ്ങളായി വഴിയില്ലാത്തവര്‍, മരണസര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തവര്‍ തുടങ്ങിയവര്‍ നല്‍കിയ പരാതികളും എളുപ്പം പരിഹാരം കണ്ട് വിവരം പരാതിക്കാരെ അറിയിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ജില്ലയിലെ രണ്ടാമത്തെ ഓണ്‍ലൈന്‍ അദാലത്താണ് ചെങ്ങന്നൂരിലേത്. പരാതിക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ച സമയത്ത് തൊട്ടടുത്തുള്ള അക്ഷയ സെന്‍ററിൽ എത്തിയാണ് വീഡിയോ കോൺഫെറന്‍സിലൂടെ കളക്ടറെ പരാതികള്‍ നേരിട്ട് അറിയിച്ചത്. ജില്ലാ കലക്ടറുടെ ചേംമ്പറില്‍ നടന്ന അദാലത്തില്‍ എ.ഡി.എം വി.ഹരികുമാര്‍, ഭൂരേഖാ ഡെപ്യൂട്ടി കലക്ടര്‍ സ്വര്‍ണമ്മ, വിവിധ വകുപ്പ് തല മേധാവികള്‍, ചെങ്ങന്നൂര്‍ താലൂക്കിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.