ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയദുരിതമടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ രണ്ടാം കുട്ടനാട് പാക്കേജിലൂടെ ശ്രമിക്കുമെന്ന് മന്ത്രി തോമസ് ഐസക് . ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിലെ കേരള നിർമിതി പ്രദർശന വേദിയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തേണ്ട കാതലായ വികസന പദ്ധതികൾ സംവാദത്തില്‍ ചർച്ച ചെയ്തു. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, വി എസ് സുനിൽകുമാർ, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും സമഗ്രമായ വികസന പ്രവർത്തനങ്ങളാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നതെന്നു മന്ത്രി തോമസ് ഐസക്ക് അവകാശപ്പെട്ടു.
പൂർണമായും ജൈവ കൃഷിയിലൂടെ ഉല്‍പ്പാദനം വർധിപ്പിക്കാനാണ് കുട്ടനാട് പാക്കേജിലൂടെ കാർഷിക മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സംവാദിത്തില്‍ പങ്കെടുത്ത കാർഷിക മന്ത്രി വിഎസ് സുനില്‍കുമാർ വ്യക്തമാക്കി. ഇതിലൂടെ കാർഷിക മേഖലയിലെ ഉല്‍പ്പാദന ചെലവ് കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലും സംസ്ഥാന ബജറ്റിലും ജില്ലയുടെ കാർഷിക മേഖലക്ക് നല്ലൊരു ശതമാനമാണ് നീക്കിവെച്ചത്. ഇത് പൂർണമായും വിനിയോഗിക്കാൻ ജില്ലക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടനാട്ടിലെ തോടുകളുെട സംരക്ഷണത്തിനായി അത്യാധുനിക മെഷീനുകളുടെ സേവനം ഒരുക്കാൻ സർക്കാർ ഒരുക്കമാണെന്ന് സംവാദത്തില്‍ പങ്കെടുത്ത ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. തോടുകൾ വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന പായലും പോളയും കൃഷിക്ക് ഉപയോഗിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കാർഷിക മേഖലക്ക് പൂർണമായ പിന്തുണയാണ് ജലസേചന വകുപ്പിന്‍റെ ഭാഗത്ത് നിന്നും നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ ജലമലിനീകരണ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് സംവാദത്തില്‍ പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചെറുതോടുകളടക്കം നവീകരിച്ചു വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ സമിതികൾ രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുട്ടനാടിന്‍റെ വികസന സാധ്യതകളും, പ്രളയത്തെ നേരിടാനും കാർഷിക മേഖലയെ സംരക്ഷിക്കാനുള്ള കാര്യങ്ങളും ഉൾപ്പെടെ വിവിധ വകുപ്പുകൾ സംവാദത്തിന്‍റെ ഭാഗമായി അവതരിപ്പിച്ചു. കുട്ടനാടിന്‍റെ പരിസ്ഥിക്കനുസരിച്ചുള്ള എട്ട് മാസത്തെ കാർഷിക കലണ്ടറിലൂടെ മേഖലയിൽ സമഗ്ര ഇടപെടലിനുള്ള നിർദ്ദേശം സംവാദത്തിൽ ഉയർന്നുവന്നു. ഓരു വെള്ളം ഉൾപ്പെടെയുള്ള കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളും സംവാദത്തിൽ ചർച്ചയായി. തോട്ടപ്പള്ളി സ്പിൽവേയിലൂടെയും തണ്ണീർമുക്കം ബണ്ടിലൂടെയും കടലിലേക്കുള്ള വെള്ളത്തിന്‍റ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾക്കൊള്ളിക്കണം. പഠനങ്ങൾ വിലയിരുത്തുമ്പോൾ ഓരോ വർഷവും കുട്ടനാട്ടിലെ ജലാശയങ്ങളിലെ ഉപ്പുവെള്ളത്തിന്‍റെ അളവ് കൂടുന്നത് ഗൗരവമായി കാണണം. ഇത് പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തണം. കുട്ടനാടിന്‍റെ സമഗ്ര വികസനത്തിനായി വിവിധങ്ങളായ പദ്ധതികൾ കഫ്‌ബി വഴിനടപ്പാക്കാന്‍ സാധിക്കുമെന്നും സംവാദത്തിൽ അഭിപ്രായം ഉയർന്നു. അഡ്വ. എ എം ആരിഫ് എംപി, മുൻ എംഎൽഎ സദാശിവൻ സികെ, ഡോ. പദ്‌മകുമാർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.