ആലപ്പുഴ : ഇന്ത്യൻ നാവികസേനയുടെ അഭിമാനമായിരുന്ന യുദ്ധക്കപ്പൽ ഇനി കിഴക്കിന്‍റെ വെനീസിന് സ്വന്തം. 20 വർഷത്തെ സേവനത്തിന് വിരാമമിട്ട് ജനുവരിയിൽ ഡീകമ്മിഷൻ ചെയ്‌ത ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് -ടി81 (INFAC - T81) യുദ്ധക്കപ്പലാണ് ചേർത്തല തണ്ണീർമുക്കത്തെത്തിച്ചത്. ഇവിടെ നിന്നും റോഡ് മാർഗമാകും ആലപ്പുഴയിലേക്കെത്തിക്കുക.
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി കടൽപ്പാലത്തിന് സമീപത്തുള്ള പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഏറ്റെടുത്തതിനെ തുടർന്നാണ് ഈ പടക്കപ്പൽ മുംബൈയിൽ നിന്ന് കൊച്ചിയിലും അവിടെനിന്ന് ചേർത്തലയിലും എത്തിച്ചത്.
വിശ്രമം ആലപ്പുഴയിൽ
എഞ്ചിനും മറ്റ് പ്രധാന സാമഗ്രികളുമെല്ലാം മാറ്റിയതിനാൽ കെട്ടി വലിച്ചാണ് ഇവിടെയെത്തിച്ചത്. ഇനി ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇതിനായി കൃപ ക്രെയിൻസ് ആൻഡ് ട്രാൻസ്പോർട്ടിങ് കമ്പനിയുടെ 106 ടയറുള്ള കൂറ്റൻ വോൾവോ പുള്ളറിലേക്ക് കപ്പൽ കയറ്റി.
ക്രെയിൻ ഉപയോഗിച്ചാണ് കപ്പൽ കായലിൽ നിന്ന് ഉയർത്തിയത്. വിശ്രമജീവിതത്തിലേക്ക് കടക്കുന്ന പടക്കപ്പൽ കാണാൻ ധാരാളം പേര്‍ തടിച്ചുകൂടി. കെഎസ്‌ഇബി, പൊതുമരാമത്ത്, പൊലീസ്, ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാകും കപ്പൽ റോഡുമാർഗം കൊണ്ടുപോകുക.
ഇസ്രയേൽ കമ്പനിയുടെ സഹകരണത്തോടെ ഗോവ ഷിപ്പ് യാർഡിൽ നിർമാണം പൂർത്തിയാക്കി 1999 ജൂൺ അഞ്ചിനാണ് കപ്പൽ കമ്മിഷൻ ചെയ്തത്. പകലും രാത്രിയും ശത്രുക്കളെ നിരീക്ഷിക്കാനും നേരിടാനുമുള്ള ശേഷിയും, അതിവേഗതയും ഈ പോർക്കപ്പലിന്‍റെ സവിശേഷതകളായിരുന്നു.
25 മീറ്റർ നീളമുള്ള കപ്പലിന് 60 ടൺ ഭാരമുണ്ട്. 20 വർഷത്തെ രാജ്യസേവനത്തിന് ശേഷം 2021 ജനുവരി 29നാണ് കപ്പൽ ഡീകമ്മിഷൻ ചെയ്‌തത്. വൈറ്റ് ലൈൻ എൻ്റർപ്രൈസസ് എന്ന കമ്പനിയാണ് ഇതിൻ്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
ALSO READ: തെരുവ് ജീവിതമാണ്... കബീറിന് ഇത് അഭിമാന ജീവിതം
ആലപ്പുഴയുടെ വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം സൃഷ്‌ടിക്കുന്ന പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പിൻ്റെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്‌ട് മാനേജിങ് ഡയറക്‌ടർ നൗഷാദ് പടിയത്ത് പറഞ്ഞു.
ഹൗസ് ബോട്ടുകൾക്കപ്പുറം ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കുകയും നാടിൻ്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുകയുമാണ് പ്രധാന ലക്ഷ്യമെന്നും നൗഷാദ് കൂട്ടിച്ചേർത്തു.
ആലപ്പുഴ പോർട്ട് ഗ്യാലറിയിൽ പൈതൃക പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഈ യുദ്ധക്കപ്പൽ ജനങ്ങൾക്ക് വേറിട്ട അനുഭവമാകും സമ്മാനിക്കുക.