ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ സൈക്ലോൺ ഷെൽട്ടർ (ചുഴലിക്കാറ്റ് പ്രതിരോധ അഭയകേന്ദ്രം) മാരാരിക്കുളത്ത് അടുത്തമാസം അവസാനം പ്രവര്‍ത്തനം ആരംഭിക്കും. ചുഴലിക്കാറ്റ്, ഇതര പ്രകൃതി ദുരന്തങ്ങള്‍ എന്നിവയില്‍ വിഷമഘട്ടത്തിലാകുന്ന ജനങ്ങൾക്ക് താമസിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം സംസ്ഥാനത്താകമാനം വിവിധ സ്ഥലങ്ങളില്‍ ഒരുക്കുന്നത്.
ലോകബാങ്കിന്റെ സഹായത്തോടെ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ ജില്ലയിലെ ആദ്യത്തെ സൈക്ലോൺ ഷെൽട്ടറാണ് മാരാരിക്കുളത്ത് നിർമാണം പൂർത്തിയാകുന്നത്. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് സമിതിയെയും രൂപവല്‍കരിച്ചിട്ടുണ്ട്. പഞ്ചായത്തിന്‍റെയും ദുരന്തനിവാരണ അതോറിറ്റിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും അവലോകന യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകി. പഞ്ചായത്ത് പ്രസിസന്റ് ചെയർമാനായിട്ടുള്ള സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വില്ലേജ് ഓഫീസർ കൺവീനറായും പഞ്ചായത്ത് അംഗങ്ങൾ, പൊലീസ് ഫിഷറീസ്, ഫയർ, ഇറിഗേഷൻ എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ എന്നിവർ അടങ്ങുന്നതാണ് സമിതി.
ദുരന്തകാലഘട്ടങ്ങളിൽ ആയിരത്തോളം ജനങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആവശ്യമായ ഹാളുകൾ, ശൗചാലയ സമുച്ചയങ്ങൾ, അടുക്കള, വികലാംഗകർക്ക് പ്രവേശിക്കാനുള്ള റാമ്പ് എന്നിവയടങ്ങുന്നതാണ് ഈ മൂന്നു നില കെട്ടിട സമുച്ചയം. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കെട്ടിടം പരിപാലിക്കും. മറ്റ് അവസരങ്ങളിൽ കെട്ടിടം വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കും. ഡിസംബറിൽ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിന്റെ പരിപാലനത്തിനായി കെയർടേക്കറായി കുടുംബശ്രീയെ ഏൽപ്പിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 3,53 ,88,736 രൂപയാണ് കെട്ടിടത്തിന്‍റെ നിർമാണച്ചിലവ്. ജെ ആന്‍ഡ് ജെ അസോസിയേറ്റ്സിനാണ് നിർമാണച്ചുമതല.