ആലപ്പുഴ: മൂന്ന് മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മാവേലിക്കര നഗരസഭയിൽ യുഡിഎഫിന് പിന്തുണ നൽകി സിപിഎം വിമതൻ കെ.വി ശ്രീകുമാര്‍. 28 അംഗങ്ങളുള്ള നഗരസഭ കൗൺസിലിൽ മൂന്ന് മുന്നണികൾക്കും 9 വീതം അംഗങ്ങളെ ലഭിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ശ്രീകുമാറിന്‍റെ പിന്തുണ ലഭിച്ചെങ്കില്‍ മാത്രമേ ഭരണം ലഭിക്കുകയുള്ളൂ എന്ന നിലയിലായിരുന്നു കാര്യങ്ങൾ.
ആദ്യം ഇടതുമുന്നണിക്ക് പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് രാവിലെയാണ് ശ്രീകുമാർ മറുകണ്ടം ചാടിയത്. നിലവിലെ ധാരണ പ്രകാരം ആദ്യ മൂന്ന് വർഷം അധ്യക്ഷ സ്ഥാനം വഹിക്കും. പിന്നീട് പാർലമെന്‍ററി പാർട്ടിയും ഡിസിസിയും നിർദേശിക്കുന്നയാൾ ചെയർമാനാവും.
നേരത്തെ സിപിഎം ഭരിച്ച മാവേലിക്കര നഗരസഭയിൽ സിപിഎം പ്രാദേശിക നേതാവായ ശ്രീകുമാറിന് സീറ്റ് നിഷേധിച്ചതോടെയാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്. യുഡിഎഫ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും തന്നോട് കാണിച്ച സ്നേഹത്തിന് പകരമായി യുഡിഎഫിനെ പിന്തുണയ്ക്കുന്നതായും ശ്രീകുമാർ പറഞ്ഞു.