ആലപ്പുഴ : ശബരിമലയിലെ സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആചാരം മാറ്റുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് മുന്‍ മന്ത്രിയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. അയ്യപ്പന്‍ നിത്യബ്രഹ്മചാരിയായതിനാൽ ആർത്തവ പ്രായത്തിലുള്ള സ്‌ത്രീകളെ പ്രവേശിപ്പിക്കില്ലെന്നും ഈ ആചാരം മാറ്റുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേയ്ക്കുള്ള രണ്ട് മാസം നീണ്ടുനിൽക്കുന്ന വാർഷിക മണ്ഡല മകരവിളക്ക് തീർഥാടനം നവംബർ 17ന് ആരംഭിക്കാനിരിക്കെയാണ് മുന്‍ ദേവസ്വം മന്ത്രി കൂടിയായ ജി സുധാകരന്‍റെ പ്രതികരണം. ശബരിമല ക്ഷേത്രത്തില്‍ സ്‌ത്രീകള്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി 60 വയസിൽ നിന്ന് മാറ്റിയിട്ടില്ല. ഇത് എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാര്യമാണ്.
അങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും അതിൽ മാറ്റം വരുത്തുകയോ അട്ടിമറിക്കുകയോ ചെയ്യേണ്ടതില്ലെന്നും മുന്‍ പിണറായി മന്ത്രിസഭയിലെ അംഗം കൂടിയായ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശാരീരിക കാരണങ്ങളാലുള്ള വിവേചനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 2018ലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുമതി നൽകുന്നത്.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനെത്തുടര്‍ന്ന് വിവിധ സംഘടനകള്‍ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹര്‍ജി നല്‍കി. പിന്നീട് ഈ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടന ബഞ്ച് ഹർജി ഏഴംഗ ബഞ്ചിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.