ആലപ്പുഴ : ജില്ലയിൽ വിഭാഗീയത അതിരൂക്ഷമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. ജില്ലാസെക്രട്ടറി ആർ നാസർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ജില്ലയിൽ വിഭാഗീയത ഇപ്പോഴും നിലനിൽക്കുന്നതായി പരാമർശമുള്ളത്. ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി, മാന്നാർ ഹരിപ്പാട് ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയത പ്രതിഫലിച്ചു.
ഹരിപ്പാട് ഏരിയയിലെ വിഭാഗീയത പാർട്ടി പ്രത്യേകം പരിശോധിക്കണം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിൽ ചേരിതിരിവും ഗ്രൂപ്പിസവും രൂക്ഷമാണ്, ഇത് അവസാനിപ്പിക്കണം. കുട്ടനാട്ടിലെ സ്ഥാനാർഥി സ്വീകാര്യനായിരുന്നില്ല. അത് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തെ ബാധിച്ചു. മുന്നണി മര്യാദ മാനിച്ച് ഘടക കക്ഷി നിശ്ചയിച്ചത് കൊണ്ട് മാത്രം സ്ഥാനാർഥിയെ അംഗീകരിക്കുകയായിരുന്നു.
Also Read: സിപിഎം ആലപ്പുഴ ജില്ല സമ്മേളനം ഫെബ്രുവരി 15ന്
ചേർത്തലയിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർഥി ആയിരുന്നതിനാൽ സി.പി.ഐ പ്രവർത്തകർ പോലും അംഗീകരിക്കാൻ തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒരു വിഭാഗം സി.പി.ഐ പ്രവർത്തകർ അവസാന നിമിഷവും സജീവമായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.