ആലപ്പുഴ: ജില്ലയിൽ രണ്ടു പേർക്ക് കൊവിസ് സ്ഥിരീകരിച്ചു. നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്കും ദുബായിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാൾ ഖത്തറിൽ നിന്ന് ഡൽഹി, അലിഗഡ് വഴി നിസാമുദ്ദീൻ സമ്മേളനത്തിനു ശേഷം 23 - ന് കായംകുളത്തെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ ആറാം തീയതി മുതൽ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി. ആലപ്പുഴ റൈബാനിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെന്‍ററില്‍ കഴിയുന്ന ഇദ്ദേഹത്തെ ഉടൻ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ദുബായിൽ നിന്നും 22ന് കൊച്ചിയിലെത്തിയ മറ്റൊരു വ്യക്തിക്കും കൊവിഡ് സ്ഥിരീകരിച്ചു. 22ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം കോട്ടയത്തേക്കും തുടർന്ന് അന്നുതന്നെ ചേർത്തല താലൂക്കിലെ വീട്ടിലും എത്തി. വീട്ടിൽ ഐസൊലേഷനിലായിരുന്ന ഈ വ്യക്തിയെ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.