ആലപ്പുഴ : ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 വ്യാപനം തടയാൻ പഴുതടച്ച പരിശോധനയിലാണ് സംസ്ഥാന പൊലീസ് സേന. സംസ്ഥാനത്ത് കൂടുതൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ വൈറസ് ബാധ കൂടുതൽ ആളുകളിലേക്ക് പകരാതിരിക്കാൻ ശക്തമായ പരിശോധനയാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് പൊലീസ് നടത്തുന്നത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആലപ്പുഴയിൽ ദിനംപ്രതി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഇവയിൽ നല്ലൊരു ശതമാനവും വിദേശ വിനോദസഞ്ചാരികൾ ആണെന്നിരിക്കെ വിനോദസഞ്ചാരമേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവർക്ക് നിർദേശങ്ങളും നിയന്ത്രണങ്ങളും പൊലീസ് ഏർപ്പെടുത്തി. ഇതിന്‍റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. ഇത്തരം ഇടങ്ങളിൽ താമസിക്കുന്ന വിദേശ വിനോദ സഞ്ചാരികൾ, അവർ താമസിക്കുന്ന സ്ഥാപനങ്ങളിൽ തന്നെ പുറത്തിറങ്ങാത്ത വിധം താമസിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ സ്ഥാപന ഉടമകൾക്ക് പൊലീസ് നിർദേശം നൽകി.
ഇത്തരത്തിൽ പൊലീസ് വിവരശേഖരണം നടത്തുന്നതും നിർദേശങ്ങൾ നൽകുന്നതും ജില്ലാ കലക്ടർ എം അഞ്ജനയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്. ഇതുസംബന്ധിച്ച കർശന നിർദേശം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. ഐസൊലേഷൻ വാർഡുകൾ പ്രവർത്തിക്കുന്ന വണ്ടാനം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികൾ കേന്ദ്രീകരിച്ചും പൊലീസിന്‍റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഏകോപനം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം വഴിയും കലക്‌ടറേറ്റ് വഴിയും കൃത്യമായി പരിശോധിക്കും. ആവശ്യമായ നിർദേശങ്ങളും നൽകുന്നുണ്ട്. നിലവിൽ വിനോദസഞ്ചാരികളുടെ വിവരശേഖരണം കൃത്യമായിത്തന്നെ ജില്ലയിൽ നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.