ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് 19 ബാധ വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ബോധവൽകരണ - പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കി. ജില്ലയിലെ എല്ലാ ആശാവര്‍ക്കര്‍മാര്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നൽകി. രോഗബാധിതരെയും വിദേശത്തു നിന്ന് വന്നവരെയും കണ്ടെത്താനുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു.
ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള നിരീക്ഷണ - ബോധവൽകരണ ശ്രമങ്ങള്‍ക്ക് പുറകെ എ.ഡി.ആര്‍.എഫിനെ ഉള്‍പ്പെടുത്തിയുള്ള ബോധവൽകരണ സംവിധാനത്തിനും ജില്ലാ ഭരണകൂടം തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി ആലപ്പി ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്‌സിലെ 60 പേര്‍ക്ക് പരിശീലനം നൽകി. പുന്നപ്ര സാഗര ആശുപത്രിയിലെ 228 പേർക്കും പരിശീലനം നൽകി. ഇവര്‍ പൊതുജനങ്ങള്‍ക്കിടയിലെ ബോധവൽകരണം കൂടുതല്‍ ശക്തമാക്കും. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സുമായും (ഐടിബിഎഫ്) ജില്ലാ കലക്‌ടര്‍ ചര്‍ച്ച നടത്തി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഐടിബിഎഫിനെക്കൂടി ഉള്‍പ്പെടുത്താനുള്ള സാധ്യത ജില്ലാ ഭരണകൂടം പരിശോധിക്കും.