ആലപ്പുഴ: ആധുനിക രീതിയിൽ പുനരാരംഭിച്ച കായംകുളം കൺസ്യൂമർഫെഡ് ശുശ്രൂഷ ലാബ് ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. യു. പ്രതിഭ എംഎൽഎയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. കുറഞ്ഞ ചെലവിൽ എല്ലാ ലബോറട്ടറി പരിശോധനകളും മറ്റ് അനുബന്ധ പരിശോധനകളും നടത്തുന്നതിനുള്ള സൗകര്യം ലാബിൽ ഒരുക്കിയിട്ടുണ്ട്. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെയും യു. പ്രതിഭ എംഎൽഎയുടെയും ശ്രമഫലമായിട്ടാണ് മെഷീൻ തകരാറിനെ തുടർന്ന് പ്രവർത്തനം നിലച്ചിരുന്ന ലാബ് പുനരാരംഭിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലേക്കാൾ കുറഞ്ഞ നിരക്കിൽ എല്ലാവിധ ലബോറട്ടറി പരിശോധനകളും ഇവിടെ ചെയ്‌തുകൊടുക്കും.
എല്ലാവിധ സ്റ്റേഷനറി സാധനങ്ങളും വിപണി വിലയെക്കാൾ കുറഞ്ഞ എംആർപിയിൽ ലഭ്യമാക്കുന്ന ഇ-ത്രിവേണി സ്റ്റേഷനറി സെന്‍ററും കായംകുളം ത്രിവേണിയോട് ചേർന്ന് പ്രവർത്തനമാരംഭിച്ചു. സെന്‍ററിലൂടെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക ക്ഷേമവകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ടെൻഡർ കൂടാതെ തന്നെ നിത്യോപയോഗ സാധനങ്ങളും സ്റ്റേഷനറി ഇനങ്ങളും വാങ്ങാം. കായംകുളം നഗരസഭ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു.