ആലപ്പുഴ : കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ആലപ്പുഴ ബൈപ്പാസ് നിർമാണത്തെ ബാധിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. സർക്കാർ തലത്തിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിർമാണം തുടരണം എന്ന് അഭ്യർഥിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ വന്ന് കണ്ടിരുന്നെന്നും തുടർന്നാണ് സർക്കാർതല യോഗത്തിൽ തീരുമാനമെടുത്തതെന്നും അദേഹം പറഞ്ഞു.
നിലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പണികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇത്തരം നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നവരിൽ നല്ലൊരു ശതമാനവും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. കൊവിഡ് 19ന്‍റെ നിയന്ത്രണങ്ങൾ വന്നതോടെ അന്യസംസ്ഥാന തൊഴിലാളികളെല്ലാം മടങ്ങി പോയെന്നും അതുകൊണ്ടുതന്നെ പണികൾ താൽക്കാലികമായി നിർത്തി വെക്കണ്ടതായി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ആലപ്പുഴ ബൈപ്പാസ് ഒറ്റപ്പെട്ട പ്രദേശമാണെന്നും പണികൾ നിർത്തിവെക്കേണ്ട സാഹചര്യം ഇല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.