ആലപ്പുഴ: ഡിസംബർ ആദ്യവാരം ആലപ്പുഴയിൽ നടക്കുന്ന അന്താരാഷ്ട്ര കയർ മേളയായ കയർ കേരളയുടെ പ്രചരണാർഥം ആലപ്പുഴയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പാരമ്പര്യത്തിന്‍റെ തനിമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് കയർ കേരള ഫോട്ടോ പ്രദർശനത്തിൽ നിറയുന്നത്. മാധ്യമ പ്രവർത്തകരും സ്വകാര്യ വ്യക്തികളും പകർത്തിയ 32 ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.
കയർ കേരളയോടനുബന്ധിച്ച് പ്രസ് ക്ലബ്ബിന്‍റെ സഹകരണത്തോടെയാണ് ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുള്ളത്. നടൻ ഹരിശ്രീ അശോകൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.യു. ഗോപകുമാർ, സെക്രട്ടറി ആർ.രാജേഷ്, പ്രദർശനത്തിന്റെ കോർഡിനേറ്റർമാരായ അഡ്വ.ആർ.റിയാസ്, ഷിബിൻ ചെറുകര തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടിൽ തുടങ്ങിയ ചിത്രപ്രദർശനം നാളെ വൈകുന്നേരം അവസാനിക്കും.