ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ ഉന്നതൻ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ അഴിമതിയുടെ ചുരുളുകൾ ഓരോന്നായി അഴിയുന്നു. സ്വർണക്കടത്ത് കേസിലെ ഉന്നതൻ ആരാണെന്ന ചോദ്യം വീണ്ടും ഉന്നയിക്കുന്നതായും ചെന്നിത്തല പറഞ്ഞു. ഭരണഘടനാ സ്ഥാനം വഹിക്കുകയും ഭരണഘടനാ സ്ഥാപനത്തിന് നേതൃത്വം നൽകുന്ന ചെയ്യുന്ന ഒരു വ്യക്തിയാണെന്നാണ് മൊഴിനൽകിയിട്ടുള്ളത്. സ്വപ്നവും ശിവശങ്കരനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉന്നതനാരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഐക്യ ജനാതിപത്യ മുന്നണിയ്ക്ക് അനുകൂലമായ വലിയ ജനവിധി ഉണ്ടാകുമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് എതിരെ ജനങ്ങൾ വിധിയെഴുതുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം അഴിമതി സർക്കാരിനെതിരെ വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണിത്. ബിജെപിയ്ക്ക് കേരളത്തിൽ ഒരിഞ്ചു സ്ഥലംപോലും നൽകില്ലെന്ന സാഹചര്യമാണുള്ളത്. ജനങ്ങളുടെ പ്രതീക്ഷ യുഡിഎഫിലാണ്. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ ഭരണമാറ്റത്തിന് സൂചകമാകുന്ന ജനവിധിയെഴുതും. യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി പ്രചരണ രംഗത്ത് ഇല്ലാത്തത് പരാജയം ഉറപ്പായത് കൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ആലപ്പുഴ തൃപ്പെരുന്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.