ആലപ്പുഴ: ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളില്‍ കൊറോണ വൈറസ് സംബന്ധിച്ച് ബോധവത്കരണവും പരിശീലനവും നടത്തി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, വെണ്മണി, ആല, ബുധനൂര്‍, തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലാണ് കൊറോണയുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ പരിപാടികള്‍ നടത്തിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെയും പുലിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തിലായിരുന്നു ബോധവത്ക്കരണം.
പാണ്ടനാട് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഓഫിസര്‍ ചിത്ര സാബു, ഹെല്‍ത്ത് ഇൻസ്‌പെക്‌ടര്‍ സുരേഷ് കുമാര്‍ എന്നിവര്‍ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കൊറോണയെ ഭയപ്പെടാതെ ജാഗ്രതയോടെ നേരിടുന്നതിനുള്ള നിർദേശങ്ങളും ഇതിനായി പാലിക്കേണ്ട വ്യക്തിശുചിത്വം, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു.
കൈ വൃത്തിയായി കഴുകുക, സോപ്പ്, ആല്‍കഹോള്‍ ബേസ്‌ഡ് ആയ ഡിസ്ഇന്‍ഫെക്‌റ്റന്‍റ്, ബ്ലീച്ചിങ് പൗഡര്‍ എന്നിവ ശുചീകരണങ്ങള്‍ക്കായി ഉപയോഗിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ശീലമാക്കുക, തുടങ്ങിയ പ്രായോഗിക പരിശീലനവും ക്ലാസിൽ ഉൾപ്പെടുത്തി. കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ വീടുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രത നിര്‍ദേശങ്ങളും നോട്ടീസ് വിതരണവും നടന്നു.