ആലപ്പുഴ: ഭക്തിനിർഭരമായ ചക്കുളത്തുക്കാവ് പൊങ്കാല ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ പരിമിതമാക്കിയാണ് ഇത്തവണ പൊങ്കാല നടത്തുന്നത്. രാവിലെ ഒമ്പതരയോടെ പണ്ടാര അടുപ്പില്‍ നിന്ന് ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകര്‍ന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പൊങ്കാല നിവേദ്യം. 2.30ന് ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടക്കും.
വൃശ്ചിക മാസത്തിലെ കാര്‍ത്തികനാളില്‍ ലക്ഷോപലക്ഷം ഭക്തരാണ് അമ്മയുടെ സന്നിധിയില്‍ പൊങ്കാലയര്‍പ്പിക്കുക. ഹരിത ചട്ടം അനുസരിച്ചാണ് പൊങ്കാല നടത്തുന്നത്. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനത്തിന് ശേഷം ഗണപതിഹോമത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. പ്രത്യേക പൂജകള്‍ക്ക് ശേഷം 41 ജീവതകളിലേക്ക് ദേവി ചൈതന്യത്തെ ആവാഹിക്കും.
കൊടിമരചുവട്ടില്‍ സ്ഥാപിച്ചിട്ടുള്ള നിലവറ ദീപത്തിനു മുന്നിലാണ് പണ്ടാരപ്പൊങ്കാല അടുപ്പ് തയ്യാറാക്കിയിട്ടുള്ളത്. വൈകുന്നേരം പ്രത്യേക ആചാരങ്ങൾക്കും ക്ഷേത്ര അനുഷ്ഠാനങ്ങൾക്കും പൂജകൾക്കും ശേഷം പൊങ്കാല ചടങ്ങുകൾ സമാപിക്കും.