ആലപ്പുഴ: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ വിദഗ്ധ ഡോ. രുചി ജയിനിന്‍റെയും നേതൃത്വത്തിലുള്ള മൂന്നംഗ കേന്ദ്ര സംഘം രോഗ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ശൈലേഷ് പവാര്‍, ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ അനിത് ജിന്‍ഡാല്‍ എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലയിലെ പക്ഷിപ്പനി ഉണ്ടായ പ്രദേശങ്ങളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്.
കള്ളിംഗ് പൂര്‍ത്തിയാക്കിയ പ്രദേശങ്ങളില്‍ അണുനശീകരണം നടത്തിവരികയാണ്. പക്ഷിപ്പനിയുടെ വ്യാപനം, വൈറസിന്‍റെ സ്വഭാവം, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കല്‍ എന്നിവ സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനുമാണ് സംഘത്തിന്‍റെ സന്ദര്‍ശനം. കരുവാറ്റ 15-ാം വാർഡ് എസ് എൻ കടവിൽ കള്ളിങ് നടക്കുന്ന സ്ഥലം സന്ദർശിച്ച സംഘം അവിടെ നടക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസഡിയര്‍ സംബന്ധിച്ച് കരുവാറ്റ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരോടും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി പൊന്നമ്മയോടും ചോദിച്ചറിഞ്ഞു. ഇതിനൊപ്പം സംഘം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും പഠനങ്ങൾ നടത്തുവാനും വേണ്ട വിവരങ്ങളും ശേഖരിക്കുന്നുണ്ട്.